തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സിപിഎം;തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് കോൺഗ്രസ്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്‌ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.അതേസമയം തന്ത്രിക്കെതിരെ തെളിവിന്റെ ഒരു തരിമ്പുമില്ലെന്നായിരുന്നു വിജിലൻസ് കോടതി ജാമ്യം നൽകിക്കൊണ്ട് പറഞ്ഞത് .അതിനാലാണ് തന്ത്രിയെ കുടുക്കാൻ ബോധപൂർവ്വമായ നീക്കം നടന്നുയെന്ന് സംശയിക്കുന്നത്.

സിപിഎമ്മിനും സർക്കാരിനുമെതിരെയായി വരുമ്പോൾ മാത്രമാണ് വാർത്ത. ബിജെപിക്കും കോൺ?ഗ്രസിനുമെതിരെ വന്നാൽ വാർത്തയല്ല. തന്ത്രിയെ പിടിച്ചപ്പോൾ ബിജെപി സന്ദർശക ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇഡി വന്നപ്പോൾ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകിൽ രാഷ്ട്രീയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

നേരത്തെ, ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാർ തന്നോട് പകവീട്ടിയതാണെന്ന് തന്ത്രി പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. നേരത്തെ തന്ത്രിയുടെ പരമാർശങ്ങളെ തള്ളി മന്ത്രിമാരായ എംബി രാജേഷും പി രാജീവും രംഗത്തെത്തിയിരുന്നു.

തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കുറ്റാരോപിതനായ ആളെയല്ല ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായി. ഇപ്പോൾ നടക്കുന്ന ഗൂഢാലോചന പിന്നീട് വ്യക്തമാകുമെന്നും മന്ത്രി പ്രതികരിച്ചു.

തന്ത്രിയുടെ വാദത്തിന് അടിസ്ഥാനമില്ലെന്ന് നിയമമന്ത്രി പി രാജീവും പ്രതികരിച്ചു. പോലീസ് സ്വതന്ത്രമായാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് ആരെയും വേട്ടയാടുന്ന നയം സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് നടന്ന സമയത്ത് മൗനം പാലിച്ച പ്രതിപക്ഷം, ഇപ്പോൾ തന്ത്രിയുടെ വാദങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഏറ്റുപിടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, തന്ത്രിയ്ക്ക് പൂർണപിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ്.

തന്ത്രിയെ മനപൂർവം കുടുക്കി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്‌ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ തന്ത്രിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ അന്വേഷണസംഘത്തിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. അറസ്റ്റിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.തന്ത്രിയെ ജയിലിൽ ഇട്ടത് എന്തിനെന്ന് അന്വേഷണസംഘം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.