ബൈക്ക് അപകടത്തിൽ 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഉണ്ടായ ദാരുണ ബൈക്ക് അപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിയായ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ അതുൽ (22) എന്നിവരാണ് മരിച്ചത്.

മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ബെംഗളൂരുവിലെ കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്താണ് അപകടം നടന്നത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരിച്ച ഗൗരീശങ്കറും അതുലും ബെംഗളൂരുവിലെ കെങ്കേരി പ്രദേശത്തുള്ള ബി ജി എസ് നഴ്‌സിംഗ് കോളജിൽ ബി.എസ്.സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളായിരുന്നു.