ആഗോള എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയെ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിനുള്ള വേദിയാക്കി കോൺഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മീററ്റിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്.

രാജ്യം വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ നാണം കെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ പൗരന്മാർ രാപ്പകൽ അധ്വാനിക്കുമ്പോൾ, ചില രാഷ്ട്രീയ പാർട്ടികൾക്ക് രാജ്യത്തിന്റെ വിജയം ദഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ വിമർശിച്ചതിന് നിരവധി പ്രതിപക്ഷ പാർട്ടികൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അവർ സത്യത്തോടും ദേശീയ അഭിമാനത്തോടും ഒപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 20-ഓളം രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും പങ്കെടുത്തത് രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘എന്നാൽ കോൺഗ്രസും അവരുടെ അനുയായികളും എന്താണ് ചെയ്തത്? ഇന്ത്യയുടെ ഒരു ആഗോള പരിപാടിയെ അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിനുള്ള വേദിയാക്കി മാറ്റി. വിദേശ അതിഥികളുടെ മുന്നിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയാണ് കോൺഗ്രസ് നേതാക്കൾ വേദിയിലെത്തിയത്. എനിക്ക് കോൺഗ്രസ് നേതാക്കളോട് ചോദിക്കാനുള്ളത്, നിങ്ങൾ തുറന്നുകാട്ടപ്പെട്ടവരാണെന്ന് രാജ്യത്തിന് ഇതിനകം തന്നെ അറിയാം, പിന്നെ എന്തിനാണ് കൂടുതൽ വസ്ത്രങ്ങൾ അഴിച്ചത്?’ പ്രധാനമന്ത്രി ചോദിച്ചു.

കോൺഗ്രസ് നേതാക്കളുടെ പ്രവൃത്തികൾ രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയുടെ അവസ്ഥയാണ് പ്രകടമാക്കുന്നതെന്ന് ആരോപിച്ചു. കോൺഗ്രസ് നേതാക്കൾ അവിടെ ചെയ്തത് ആ പാർട്ടി എത്രത്തോളം പ്രത്യയശാസ്ത്രപരമായി പാപ്പരായെന്നും ദരിദ്രമായെന്നും കാണിക്കുന്നുയ സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന തിരക്കിലാണ് പാർട്ടി എന്നും മോദി കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതാക്കൾ മോദിയെ വെറുക്കുന്നു. അവർ എന്റെ കുഴിതോണ്ടാൻ ആഗ്രഹിക്കുന്നു. എന്റെ അമ്മയെ അധിക്ഷേപിക്കാൻ പോലും അവർക്ക് മടിയില്ല. അവർ ബിജെപിയെ എതിർക്കുന്നു, ദേശീയ ജനാധിപത്യ സഖ്യത്തെയും എതിർക്കുന്നു, അത് അവരുടെ രാഷ്ട്രീയത്തിന് ആവശ്യമായിരിക്കാം. അത് നമുക്ക് മനസ്സിലാക്കാം. എന്നാൽ എഐ ഗ്ലോബൽ സമ്മിറ്റ് ഒരു ബിജെപി പരിപാടിയല്ലെന്നും അതൊരു ദേശീയ പരിപാടിയാണെന്നും കോൺഗ്രസ് ഓർക്കണമായിരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ലോക നാണക്കേടായി മാറിയിരിക്കുകയാണ്

വെള്ളിയാഴ്ചയാണ് എഐ ഉച്ചകോടി നടന്ന ഹാളിനുള്ളിൽ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ട് ഊരി പ്രതിഷേധിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്നെഴുതിയ ടി-ഷർട്ടുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രതിഷേധക്കാരെ നീക്കം ചെയ്യുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം കേരളത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വസതിയിൽ യൂത്ത് കോൺഗ്രസുകാർ റീത്ത് വച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കി തുടർന്ന് വി ഡി സതീശൻ ,രമേശ് ചെന്നിത്തല എന്നിവർ ഈ സമരത്തെ തള്ളിപ്പറഞ്ഞു.
