നടി തൃഷയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് നാട് ബിജെപി

നടി തൃഷയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. അബദ്ധത്തില്‍ പറഞ്ഞതാണെന്നും ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

‘ഇത് അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയായിരുന്നു. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വാനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’- നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

നേരത്തെ ബിജെപി നേതാവിന് മറുപടിയുമായി തൃഷ രംഗത്തുവന്നിരുന്നു. തന്നേയും നടനും ടിവികെ നേതാവുമായ വിജയിയേയും കുറിച്ച് അപവാദം പറഞ്ഞ നൈനാര്‍ നാഗേന്ദ്രന് വക്കീല്‍ മുഖേന പ്രസ്താവനയിലൂടെയാണ് തൃഷ മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസം വിജയ്ക്കെതിരെ നാഗേന്ദ്രന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വിജയ്ക്ക് രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്ത് നേടണമെങ്കില്‍ തൃഷയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങണം എന്നായിരുന്നു നാഗേന്ദ്രന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് തൃഷയുടെ പ്രതികരണം.

‘അനാദരവ് എല്ലായിപ്പോഴും ചോദ്യം ചെയ്യപ്പെടണം” എന്ന കുറിപ്പോടെയാണ് തൃഷ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അഭിഭാഷകനായ നിത്യേഷ് നടരാജാണ് പ്രസ്താവന പുറപ്പെടുവിച്ചത്. തൃഷയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ഔദ്യോഗിക കുറിപ്പ് പങ്കുവെക്കുന്നതെന്ന മുഖവുരയോടെയാണ് അഭിഭാഷകന്റെ പ്രസ്താവന.

‘സംസ്ഥാനത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നൊരു നേതാവില്‍ നിന്നും ഇതുപോലെ അനുചിതവും മോശവുമായ പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കക്ഷിയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഇതുവരേയും ബന്ധമില്ലെന്നും ഭാവിയിലും അത്തരത്തിലുള്ള ഉദ്ദേശങ്ങളൊന്നുമില്ലെന്നും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്’- പ്രസ്താവനയില്‍ അഭിഭാഷകന്‍ പറയുന്നു.