കോടികളുടെ തട്ടിപ്പുകളാണ് ആഗോള അയ്യപ്പ സംഘത്തിന്റെ മറവിൽ നടന്നതെന്ന കഥകൾ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം ദേവസ്വം ബോർഡ് സ്വകാര്യ ഓഡിറ്ററെ കൊണ്ട് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടാണ് തട്ടിപ്പുകൾ പുറത്ത് കൊണ്ടുവന്നത്. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഇപ്പോൾ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് തേടിയിരിക്കുകയാണ്.

ആഗോള അയ്യപ്പ സംഗമത്തിനു മൊത്തം ചെലവ് ആറു കോടി 32 ലക്ഷം ആണ്. ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വരവിനത്തിൽ ആകെ കിട്ടിയത് ധനലക്ഷ്മി ബാങ്കിന്റെ രണ്ടു കോടിയുടെ സ്പോൺസർ ഷിപ്പ്. കേരള ബാങ്കിൽ നിന്നും 84 ലക്ഷത്തി എഴുപതിനാലായിരം രൂപയുടെ പരസ്യ വരുമാനവും. ചെലവായ തുകയിൽ ഇനി കണ്ടെത്തേണ്ടത് 3 കോടി 45 ലക്ഷം രൂപയാണ്. ദേവസ്വം ബോർഡ് നേരിട്ട് ചെലവാക്കിയ തുക 42.9 ലക്ഷം രൂപ മാത്രമാണ്. ബാക്കി കരാർ കമ്പനിയുടെ ചെലവാണ്. ഇതിൽ 4.04 കോടി രൂപ ദേവസ്വം ബോർഡ് ഇനിയും ഈ കരാർ കമ്പനിക്ക് നൽകാനുണ്ട്. ഹോട്ടലുകൾക്ക് ദേവസ്വം ബോർഡ് നൽകാനുള്ളത് 4.35 ലക്ഷമാണ് .
ആറു കോടിയിലേറെ തുക ചെലവഴിച്ച് നടത്തിയത് ഒരു ടെൻഡറുമില്ലാതെയാണെന്നാണ് ഞെട്ടിക്കുന്ന സത്യം. തുക എഴുതി എടുത്തതിനു പലതിനും ബില്ലുകളുമില്ല. കോടികളുടെ തട്ടിപ്പുകളാണ് അയ്യപ്പ സംഘത്തിന്റെ മറവിൽ നടന്നത്.

ടെണ്ടറില്ലാതെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസക്റ്റർ ആൻറ് കൺസ്ട്രക്ഷൻസ് (ഐ ഐ എസ് ) എന്ന സ്ഥാപനത്തിനായിരുന്നു പരിപാടിയുടെ മുഴുവൻ കരാറും നൽകിയത്. അതും എസ്റ്റിമേറ്റിനെക്കാൾ പത്ത് ശതമാനം തുക ഭരണ ഏകോപന ചുമതല എന്ന പേരിൽ അധികമായി അനുവദിച്ചുകൊണ്ട്.
തോന്നിയപടിയുള്ള കരാർ എന്നാണ് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ ഇതിനെക്കുറിച്ച് പറഞ്ഞത്. കരാർ കിട്ടിയ പലരും ഉപകരാറായി നൽകിയെങ്കിലും ഒന്നിനും ഇനം തിരിച്ചുള്ള കൃത്യമായ ബില്ലുകളോ രേഖകളോ ഇല്ല. ബില്ലുകളിൽ ക്രമക്കേടുകൾ വ്യക്തം. ഉദാഹരണത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസക്റ്റർ ആൻറ് കൺസ്ട്രക്ഷൻസ് ഉപകരാർ നൽകിയിരിക്കുന്ന ഒരു സ്ഥാപനം ഊരാളുങ്കൽ സൊസൈറ്റിയുടെ തന്നെ തിരുവനന്തപുരം വെള്ളാറിലുള്ള ആർട്ട് ആന്റ് ക്രാഫ്റ്റ് വില്ലേജ് ആണ്. ഇവർ വിവിധയിനങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസക്റ്റർ ആൻറ് കൺസ്ട്രക്ഷൻസ് ഇതേ ഇനങ്ങളിൽ ദേവസ്വം ബോർഡിന് സമർപ്പിച്ചത് 15.51 ലക്ഷം രൂപയുടെ ബില്ലാണ്.

സംഗമത്തിൽ കലാപരിപാടികൾ രാവിലെ ഇഷാൻ ദേവിന്റെ നേതൃത്വത്തിലും വൈകീട്ട് വിജയ് യേശുദാസ്, വീരമണി സുദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. ചെലവ് 38.85 ലക്ഷം.എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ നന്ദ ഗോവിന്ദം ഭജൻസിന്റെ പരിപാടിക്കായി രണ്ട് ലക്ഷം വകയിരുത്തുകയും പിന്നീട് എട്ട് ലക്ഷമായി ഉയർത്തുകയും ചെയ്തെങ്കിലും ആ പരിപാടി ഉണ്ടായിരുന്നില്ല. നടക്കാത്ത പരിപാടിയുടെ പേരിലാണ് ഈ തട്ടിപ്പ് .
സംഗമവുമായി ബന്ധപ്പെട്ട് അന്നദാന മണ്ഡപത്തിലേക്ക് 150 കട്ടിലുകൾ വാങ്ങിയെന്നാണ് കണക്കുകൾ. ഇത് എന്തിനെന്ന് വ്യക്തമല്ല. പക്ഷെ ബോർഡിന്റെയും കരാറുകരുടെയും സംയുക്ത പരിശോധനയിൽ കണ്ടെത്തിയത് 100 കട്ടിലുകൾ മാത്രം. 50 എണ്ണം കടലാസിൽ മാത്രം. ഇതിൽ ഒരു ഫാമിലി കോട്ട് കട്ടിലും മെത്തയും വാങ്ങിയിരിക്കുന്നത് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയ്ക്കാണ്. ഒരു പകൽ മാത്രമായി നടന്ന പരിപാടിയിൽ ഇത് ആർക്കു വേണ്ടി വാങ്ങിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ ഇത്രയും വിലപിടിപ്പുള്ള കട്ടിലും മെത്തയും മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയായിരിക്കുമല്ലോ.

പമ്പയിലായിരുന്നു അയ്യപ്പ സംഗമം എങ്കിലും എത്തിയ പ്രതിനിധികൾക്ക് താമസിക്കാൻ ദേവസ്വം ബോർഡ് താമസമൊരുക്കിയത് ഏറെയും കുമരകത്തെ നക്ഷത്ര ഹോട്ടലുകളിലായിരുന്നു. സംസ്ഥാന സർക്കാരിന് പരിപാടിയിൽ പങ്കില്ലെന്നാണ് വാദമെങ്കിലും സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ മുഖേനയാണ് 37 ലക്ഷംരൂപയുടെ ഹോട്ടൽ മുറികൾ ബുക്ക് ചെയ്തത്. ദേവസ്വം ബോർഡ് നേരിട്ട് മൂന്നാറിലെ ഹോം സ്റ്റേയിലും ബുക്കിംഗ് നടത്തിയിട്ടുണ്ട്. പ്രതിനിധികളുടെ യാത്രക്ക് മാത്രം ചെലവ് 10.57 ലക്ഷം രൂപയാണ്. അതിനു പുറമെ ഡെലിഗേഷൻ മാനേജ്മെന്റിനത്തിലും 9.6 ലക്ഷമാണ് ചെലവ് .

അയ്യപ്പ സംഗമത്തിൽ പങ്കെടുത്തവർ നാലായിരമാണെങ്കിലും ഭക്ഷണം കഴിച്ചവരുടെ എണ്ണം അമ്പതിനായിരം എന്നാണ് കണക്കുകൾ.
അയ്യപ്പസംഗമത്തിനു ചെലവായ കണക്കുകൾ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.
1.ഇവന്റ്മാനേജ്മെന്റ -1,.65 കോടി
2.പന്തലിന്റെ മുന്നിലെ ഫർണീച്ചറുകൾ -60,830 രൂപ
3.വീഡിയോ,ഫോട്ടോ-12 ലക്ഷം രൂപ
4.സാംസ്കാരിക പരിപാടികൾ -38.85ലക്ഷം
5.ഇവന്റ് പ്രവർത്തനാങ്ങൾ 58.2 ലക്ഷം
6.പങ്കെടുത്തവർക്ക് കിറ്റ് -73.4 ലക്ഷം
7.വേദിക്ക് മോടി കൂട്ടാൻ -46 ലക്ഷം
8.പബ്ലിസിറ്റി -46.7 ലക്ഷം
9.പഴയിടത്തിന്റെ പാചകം -21.5 ലക്ഷം
10.അതിഥികളെ മാനേജ് ചെയ്തതിന് 9.6 ലക്ഷം
11.ഡെലിഗേറ്റ്സിനായി പ്രത്യേക ആഹാര ചെലവ് -73,780 രൂപ
12.ഇവന്റ് മാനേജ്മെന്റ് ഇൻഫ്രാസ്ട്രക്ടർ -14.8 ലക്ഷം
13.സൗണ്ട് അധിക സംവിധാനം -1.39 ലക്ഷം രൂപ.
14.അതിഥി കിറ്റും സമ്മാനവും -24.17 ലക്ഷം
15.അഡ്മിനിസ്ട്രേഷൻ ആൻഡ് ഫെസിലിറ്റേഷൻ -54.31 ലക്ഷം
അയ്യപ്പസംഗമം ആകെ ചെലവ് =6,32,59,318 രൂപ (ആറു കോടി 32 ലക്ഷം രൂപ )
ശബരിമലയിലെ കാണിക്ക വഞ്ചിയിൽ ഭക്തർ ഇടുന്ന ഓരോ നാണയത്തിനും കണക്കുണ്ട്, അത് അയ്യപ്പന്റേതാണ്. എന്നാൽ, ആ പണം ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തിയ അഴിമതിയുടെയും ധൂർത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളാണ് ഈ സർക്കാർ പൊടിപൊടിച്ചത്. വിശ്വാസികളുടെ നെഞ്ചിൽ ചവിട്ടി നടത്തിയ ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
കാർട്ടൂൺ -ഹരികുമാർ (ഹക്കു )

