“വ്യവസ്ഥിതിയെ ആക്രമിക്കുന്നവരെ” കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തിന്റെ പരാമർശങ്ങൾക്ക് ശേഷം ആരംഭിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പരിഹാസാത്മക എക്സ് ഹാൻഡിൽ ഇന്റലിജൻസ് ബ്യൂറോയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശത്തെ തുടർന്ന് വ്യാഴാഴ്ച ഇന്ത്യയിൽ തടഞ്ഞു. “ദേശീയ സുരക്ഷാ ആശങ്കകൾ” മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.ഈ വിവരം ദി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്‌തത് .

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000ലെ സെക്ഷൻ 69 (എ) പ്രകാരം അക്കൗണ്ട് തടഞ്ഞുവെക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിനോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായുള്ള നിർദ്ദേശം ഐബിയിൽ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് തടയണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് ഐബിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. ഇത് ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് ഐബി ചൂണ്ടിക്കാണിച്ചത്. ഈ അക്കൗണ്ടിലൂടെ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അത് രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുമെന്നുമാണ് ഐബിയുടെ നിലപാട്.”
