കോൺഗ്രസിന്റെ ആറ് എംഎല്‍എമാര്‍ എന്‍ഡിഎയിലേക്ക് ; ബിഹാർ നിയമസഭയിൽ കോൺഗ്രസ് വട്ടപ്പൂജ്യം

ബിഹാറില്‍ കോണ്‍ഗ്രസിന് വൻ തിരിച്ചടി.കോൺഗ്രസിന്റെ ആറ് എംഎല്‍എമാര്‍ എന്‍ഡിഎ ക്യാംപില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ആറ് എംഎല്‍എമാര്‍ ജനതാദള്‍ യുണൈറ്റഡില്‍ ചേരുമെന്നാണ് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറുമായി കോൺഗ്രസ് എംഎല്‍എമാര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

രണ്ടു മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചിരുന്നത്. ആറ് എംഎല്‍എമാരും ജെഡിയുവിലേക്ക് പോയാല്‍, പ്രതിപക്ഷമായ മഹാസഖ്യത്തിലെ കോണ്‍ഗ്രസ് പ്രാതിനിധ്യം പൂജ്യമാകും. മഹാസഖ്യത്തിലെ മുഖ്യകക്ഷിയായ ആര്‍ജെഡിക്ക് 25 സീറ്റുകളാണ് ലഭിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 243-ല്‍ 202 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ തുടര്‍ഭരണം ഉറപ്പാക്കിയത്. ബിജെപി 89, ജെഡിയു 85 സീറ്റുകള്‍ വീതമാണ് നേടിയത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി എത്തുന്നതോടെ ജെഡിയു അംഗബലം 91 ആയി ഉയരും. ഇതോടെ സഖ്യത്തിലെ വലിയ കക്ഷിയായി ജെഡിയുയായി മാറും.