ട്രംപിനെ പേടിച്ചാണോ മോദി ആസിയാൻ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാത്തത് ?

മലേഷ്യയിൽ അടുത്താഴ്ച നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ഓൺലൈൻ വഴി സംബന്ധിക്കാമെന്ന് ഇന്ന് ഫോണിലൂടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നടത്തിയ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിഅറിയിച്ചു.

മോദിയുടെ പ്രിയ സുഹൃത്തായ അൻവർ ഇബ്രാഹിമുമായി ഊഷ്മളമായ ആശയവിനിമയമാണ് ഫോണിലൂടെ നടത്തിയതെന്ന് പിന്നീട് മോദി എക്സിൽ കുറിച്ചു. ആസിയാൻ അധ്യക്ഷപദം ലഭിച്ച മലേഷ്യയെ താൻ അഭിനന്ദിച്ചതായും മോദി കുറിച്ചിട്ടുണ്ട്. നടക്കാൻ പോകുന്ന ഉച്ചകോടിക്ക് പ്രധാനമന്ത്രി എല്ലാ ഭാവുകങ്ങളും നേർന്നു.ഉച്ചകോടിയിൽ താൻ ഓൺലൈൻ സംബന്ധിക്കും. ആസിയാൻ- ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 26-28 വരെയാണ് ആസിയാൻ ഉച്ചകോടി. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ മലേഷ്യ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ട്രംപ് ഈ മാസം 26ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ക്വാലാലംപൂരിലെത്തും. മറ്റ് ലോകനേതാക്കൾക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട്.

അതേസമയം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ പേടിച്ചാണ് മോദി ഉച്ചകോടിയിൽ നേരിട്ട് സംബന്ധിക്കാത്തത് എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തി. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് താനാണെന്ന് 53 തവണ അവകാശപ്പെടുകയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ തയാറാണെന്ന് ഇന്ത്യ ഉറപ്പ് നൽകിയെന്ന് അഞ്ച് തവണ ആവർത്തിക്കുകയും ചെയ്ത ഒരാളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച് കടുത്ത പരീക്ഷണമാകുമെന്ന്, മാധ്യമ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു. അതേസമയം ട്രംപിനെ പുകഴ്ത്തി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിടുന്നത് പോലെയല്ലല്ലോ അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം ക്വാലംപൂരിലേക്ക് വരുമോ ഇല്ലയോ എന്നതായിരുന്നു കുറച്ച് ദിവസമായി ഉറ്റുനോക്കിയിരുന്നത്. ഇപ്പോഴിതാ അദ്ദേഹം പോകില്ലെന്ന് ഉറപ്പായിരിക്കുന്നുവെന്നും ജയറാം രമേഷ് എക്സിൽ കുറിച്ചു. സ്വയംപ്രഖ്യാപിത വിശ്വഗുരുവായി മേനി നടിക്കാനും ലോകനേതാക്കളെ ആലിംഗനം ചെയ്യാനും അവർക്കൊപ്പം ഫോട്ടോയെടുക്കാനും ഉള്ള അവസരമാണ് മോദിക്ക് ഇതിലൂടെ നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

പ്രസിഡൻറ് ട്രംപിൽ നിന്ന് അപമാനം നേരിടാനാകാത്തത് കൊണ്ടാണ് മോദി പോകാത്തത്. ആഴ്ചകൾക്ക് മുമ്പ് ഗാസയിലെ സമാധാന ഉച്ചകോടിയിലും മോദി പങ്കെടുത്തിരുന്നില്ല. അതും ഇതേ കാരണം കൊണ്ടാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.അതീവ ശ്രദ്ധാലുവായിരിക്കുക എന്ന പഴയ ബോളിവുഡ് നമ്പർ മോദി നന്നായി ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.