റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറയ്ക്കാന്‍ സാധ്യത

റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. യു.എസും യൂറോപ്പും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ നീക്കം പരിഗണിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് റഷ്യ.

പുതിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ റഷ്യന്‍ എണ്ണ ഇറക്കുമതിക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറയ്ക്കുന്നതിനോ പൂര്‍ണ്ണമായും നിര്‍ത്തുന്നതിനോ ആലോചിക്കുന്നതായി രണ്ട് റിഫൈനറി വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികളും തങ്ങളുടെ വാങ്ങല്‍ പദ്ധതികള്‍ പുനഃപരിശോധിക്കുകയാണ്.

യുക്രെയ്നിലെ നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന റഷ്യന്‍ ഊര്‍ജ്ജ സ്ഥാപനങ്ങള്‍ക്ക് മേല്‍ യു.എസും സഖ്യകക്ഷികളും അധിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ തീരുമാനം. കഴിഞ്ഞ ആഴ്ച ബ്രിട്ടനും ഈ രണ്ട് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് ഇറക്കുമതിക്ക് നിരോധം ഏര്‍പ്പെടുത്തിയ 19-ാമത് ഉപരോധ പാക്കേജിന് യൂറോപ്യന്‍ യൂണിയനും അംഗീകാരം നല്‍കി.

റഷ്യന്‍ എണ്ണ ഇറക്കുമതി സംബന്ധിച്ച ഇന്ത്യയുടെ പുതിയ നീക്കത്തോടെ വ്യാഴാഴ്ച ആഗോള എണ്ണവില ഏകദേശം 3% വരെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 1.94 ഡോളര്‍ അഥവാ 3.1% വര്‍ധിച്ച് 64.53-ല്‍ എത്തി. യു.എസ്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 1.89 ഡോളര്‍ അഥവാ 3.2% വര്‍ധിച്ച് 60.39-ല്‍ എത്തി.

ഉപരോധങ്ങള്‍ കര്‍ശനമാക്കുന്നതും റഷ്യന്‍ കയറ്റുമതി കുറയുന്നതും ആഗോള വിതരണ ശൃംഖലയെ തകിടം മറിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ‘റഷ്യയിലെ ഏറ്റവും വലിയ എണ്ണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉപരോധങ്ങള്‍ ക്രെംലിന്റെ യുദ്ധ വരുമാനം തടസ്സപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇത് റഷ്യന്‍ ബാരലുകളുടെ ഒഴുക്ക്കുറയ്ക്കാനും വാങ്ങുന്നവരെ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് തിരിച്ചുവിടാനും നിര്‍ബന്ധിതമാക്കും,’ ഫിലിപ്പ് നോവയിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് പ്രിയങ്ക സച്ദേവ റോയിട്ടേഴ്സിനോട് പറഞ്ഞു.