കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും അത് റോഡിൽ പൊലിയേണ്ടതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
റോഡുകളുടെ മോശം അവസ്ഥ തുടരുന്നത് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നു, നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്നും ഹൈക്കോടതി ചോദിച്ചു
കുന്നംകുളം റോഡിന്റെ റോഡ് തകർന്ന് കിടക്കുകയാണ്, എവിടെയും ജാഗ്രതാ ബോർഡും വെച്ചിട്ടില്ല, എന്നിട്ടാണോ ഹെൽമെറ്റില്ലാത്തതിന്റെ പേരിലും ഓവർ സ്പീഡിനും ഫൈൻ പിടിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേരളത്തിൽ നല്ല റോഡില്ല എന്നല്ല പറഞ്ഞതെന്നും എന്നാൽ തകർന്ന റോഡുകൾ പുതുക്കിപ്പണിയാൻ നടപടിയെടുക്കാത്തതിലാണ് ചോദ്യമുയരുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുകയെന്നതാണ് സാധാരണക്കാരന്റെ ചോദ്യം. റോഡപകടങ്ങളിൽ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകാത്തത് എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഇന്ത്യയിലെക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങൾ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകൾ ഇത് പോലെ തകരുന്നില്ല.
റോഡുകളുടെ കാര്യത്തിൽ ജില്ലാ കളക്ടര്‍മാര്‍ ഇടപെടാത്തതെന്തെന്ന് കോടതി ചോദിച്ചു. റോഡിലെ കുഴി മനുഷ്യനിർമ്മിത ദുരന്തമായി ജില്ലാ കളക്ടർമാർ കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ച്ചത്തേക്ക് മാറ്റി.
അതുപോലെ കൊച്ചിയിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്കി. കൊച്ചി കോര്പ്പറേഷൻ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരും.രാഷ്ട്രീയ പാർട്ടികളുടെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിലാണ് വിമർശനം ഉന്നയിച്ചത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പേരിലുള്ള ബോർഡുകൾ എടുത്തു മാറ്റിയിട്ടില്ല. ആരെയാണ് പേടിക്കുന്നതെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിയായതുകൊണ്ട് പേടിച്ചിരിക്കുകയാണോയെന്നും കോടതി ചോദിച്ചു. പിഴയീടാക്കി നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്കി.