ഫാക്ടിലെ അന്തർധാരകൾ കമ്പനിയുടെ നാശത്തിന് കാരണമായേക്കുമോ

കൊച്ചി: അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതിത്വവും പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ വിജിലൻസ് ബോധവൽക്കരണ സെമിനാറുകളോ ആഴ്ചവട്ട ആഘോഷങ്ങളോ കൊണ്ട് പരിഹരിക്കാവുന്നതല്ല സർക്കാർ സ്ഥാപനങ്ങളുടെ ഇന്നത്തെ നടപ്പുരീതി. കൃത്യമായും കാര്യക്ഷമമായും ഓരോ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ കേന്ദ്ര വിജിലൻസ് കമ്മിഷൻ വളരെ വിശദമായി സ്ഥാപന മേധാവിക്കും വിജിലൻസ് മേധാവിക്കും കർശന നിർദേശങ്ങൾ നൽകാറുണ്ട്.

ഡിപ്പാർട്മെൻറ് ഓഫ് പബ്ലിക് എന്റർപ്രൈസസ്സ്, കേന്ദ്ര പേർസണൽ മന്ത്രാലയം എന്നി ഉന്നത ഓഫിസുകൾ സമയോചിതമായി നൽകിവരുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാനും പരിപാലിക്കാനും മനുഷ്യവിഭവ ശേഷി ( HR ) വിഭാഗത്തിന് ചുമതലയും ഉത്തരവാദിത്വവുമുണ്ട്. പ്രിവെന്റീവ് വിജിലൻസ് മെക്കാനിസം എന്ന മഹത്തയായ രീതിശാസ്ത്രം അഴിമതികളെ ചെറുക്കുന്നതിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഇതിനെയെല്ലാം കാലങ്ങളായി അവഗണിച്ചുകൊണ്ട് ഫാക്ട് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ടുമെന്റിൽ 35 വർഷത്തിൻറെയും 31 വർഷത്തിൻറെയും മഹത്തായ സർവിസ് പാര്യമ്പര്യങ്ങൾ ഉണ്ടായിട്ടുണ്ട് .ഇപ്പോഴത്തെ ഒരു ജനറൽ മാനേജർ ഒരേ ഡിപ്പാർട്ടുമെന്റിൽ 30 വർഷത്തിലേറെയായി നിരവധി പ്രമോഷനുകൾ വാങ്ങിക്കൂട്ടി ഒരേയിരുപ്പാണ് കേന്ദ്ര വിജിലൻസ് കമ്മിഷൻ നടപടി ക്രമങ്ങൾ അവർക്ക് ബാധകമല്ല എന്നാൽ മറ്റു വിഭാഗങ്ങൾക്ക് ബാധകമാണുതാനും.

2018 സെപ്റ്റംബർ 10 ന് ഒരു സർക്കുലർ പുറത്തിറക്കിയിട്ടുണ്ട് . മൂന്ന് വർഷത്തിലധികം ഒരു തസ്തികയിൽ തുടർന്നവരെ ഉടനടി മാറ്റി നിയമിക്കണം, എല്ലാ ഡിവിഷൻ ജനറൽ മാനേജർമാരും ഇതനുസരിച്ചു തങ്ങളുടെ കിഴിൽ പ്രവർത്തിക്കുന്നവരെ പുനർനിയമിച്ചു വിവരം ബോധ്യപ്പെടുത്താനാണ് നിർദേശം. രസകരമായ കാര്യം ഈ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥൻ മാനേജ്മെന്റ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു 30 വർഷത്തിലേറെയായി ഒരേ വിഭാഗത്തിൽ തന്നെ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന ആളാണ് എന്നതാണ്

സെൻസിറ്റീവ് തസ്തികയിൽ പ്രവർത്തിക്കുന്ന എല്ലാ ഉന്നത ഉദ്യോഗസ്ഥരും മുന്ന് വർഷത്തിലൊരിക്കൽ ട്രാൻസ്ഫെറിന് വിധേയമാകണമെന്ന സർക്കുലർ കർശനമായി പാലിക്കണമെന്ന നിർദേശമാണ് 2018 ജൂലൈ 25 ൻറെ സർക്കുലർ . കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സെൻട്രൽ വിജിലൻസ് കമ്മീഷൻ ചട്ടങ്ങളനുസരിച്ചു പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ് .

അഴിമതി, സ്വജനപക്ഷപാതിത്വം, പ്രൊമോഷൻ, ഡിസിപ്ലിനറി, ട്രാൻസ്ഫെർ നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെ കമ്പനി സുതാര്യമായി പ്രവർത്തിക്കുന്നില്ലായെങ്കിൽ അക്കാര്യം സെൻട്രൽ വിജിലൻസ് കമ്മീഷൻ മുൻപാകെ റിപ്പോർട്ട് ചെയ്യുവാൻ കമ്മീഷൻ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ് ചീഫ് വിജിലൻസ് ഓഫീസർ. കമ്പനിയിലെ പ്രഭല യൂണിയനായ ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഗുരുതരമായ ഈ കൃത്യവിലോപം അഞ്ചുമാസത്തിന് മുൻപ് ഒരു പരാതിയായി കേന്ദ്ര വിജിലൻസ് കമ്മീഷന് നല്കിയിട്ടുള്ളതാണ്, കൂടാതെ ഈ വിഷയം പരിഹരിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് സി എം ഡി മുതൽ എല്ലാ ഡിറക്ടർമാർക്കും നല്കിയിട്ടുള്ളതാണ്, കൂടാതെ സിവിസി യുടെ കിഴിലുള്ള ചിഫ് വിജിലൻസ് ഓഫീസർക്കും നല്കിയിട്ടുള്ളതാണ്. പലസമയങ്ങളിലും ട്രേഡ് യൂണിയനുകൾ ഈ വിഷയം ഉയർന്ന മാനേജ്മെന്റിന് മുന്നിൽ ഉന്നയിച്ചിട്ടും നടക്കാതെ പോകുന്നത് അന്തർധാരയുടെ ഫലമാണ് .

സി വി ഓ സ്വന്തം ഓഫീസിലേക്ക് ആവശ്യപ്പെട്ട ഒരു ഡെപ്യൂട്ടി ജനറൽ മാനേജരെ പോലും കഴിഞ്ഞ ഒരു വർഷത്തിലേറെയായിട്ടും അനുവദിക്കപ്പെട്ടില്ല എന്നത് തന്നെ സി എം ഡി ഗൗരവമായി കണ്ട് എച് ആർ വകുപ്പ് മേധാവിയടക്കമുള്ളവരുടെ വീഴ്ചകൾ ചൂണ്ടി കാണിച്ചു തിരുത്തേണ്ടതല്ലേ. അതുമല്ലായെങ്കിൽ സി വി സി യെ ഇക്കാര്യത്തിൽ ഇടപെടുത്തേണ്ടതുണ്ട്. എല്ലാ ട്രേഡ് യൂണിയനും വർഷങ്ങളായി ആവശ്യപ്പെടുന്ന ഇക്കാര്യത്തിൽ കുറ്റകരമായ മൗനം ആരുടെ ഭാഗത്തായാലും കമ്പനിയുടെ നിലനിൽപ്പിന് ഗുണകരമല്ല .
ഉന്നതതല അഴിമതികളുടെ ഒരു കുംഭാരമേഘം കമ്പനിയ്ക്ക് മുകളിലുണ്ട്. ദുരൂഹമായ അന്തർധാരകളാണ് അഴിമതിക്കും സ്വജനപക്ഷപാതിത്യത്തിനും ഇടവരുത്തുന്നതെന്ന് ചരിത്രം ഉറപ്പുതരുന്നു . മുൻ സിഎംഡി യുടെ കാലത്തേ സിബിഐ റൈഡും അനുബന്ധ സംഭവങ്ങളും ഓർമിക്കണം , പിന്നെ സമീപകാലത്തെ സിവിസി നടപടികളും .

വിവിധ ഡിവിഷനുകളിലായി ഡസൻ കണക്കിന് ജനറൽ മാനേജർമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ തലത്തിൽ അധികരിച്ചു ഇരിക്കുമ്പോൾ മാറ്റി നിയമിക്കാൻ ഉദ്യോഗസ്ഥർക്ക് യാതൊരു പഞ്ഞവുമില്ല . എന്നാൽ എഛ് ആർ വകുപ്പിൽ കാര്യങ്ങൾ വ്യത്യസ്‌തമാണ്.ഈയിടെ സർവീസ് അവസാനിച്ച ഒരാൾ വെറും ക്ലാർക്കായി കയറി യാതൊരുവിധ ട്രാൻസ്ഫെറുകളുമില്ലാതെ കൺസൽട്ടൻറ് എന്ന അധിക പദവിയിൽ വരെ 35 വർഷം ആണ് ഉണ്ടായിരുന്നത്. 2019 ൽ വിരമിച്ച ഒരു ജനറൽ മാനേജർ 31 വർഷമാണ് ഇവിടെ സേവനം നടത്തിയത് . ഇപ്പോഴത്തെ ജനറൽ മാനേജർ 30 വർഷങ്ങളായി ഇതേ വകുപ്പിൽ തന്നെയുണ്ട്. ഇവർക്കൊക്കെ കരമൊഴിവായി പതിച്ചുകിട്ടിയതാണോ എഛ് ആർ ഡിപ്പാർട്ടുമെന്റ് എന്ന ചോദ്യം ബാക്കിയാകുകയാണ് . ഏറ്റവും സുപ്രധാന വകുപ്പിലിരുന്നു അരാജകത്വം സ്രഷ്ടിച്ചവർക്ക് സാമൂഹിക നീതിബോധമോ മനുഷ്യ വിഭവശേഷി വിനിയോഗത്തിൻറെ അന്തസത്തയോ തിരിച്ചറിയാൻ കഴിയില്ലായെന്നത് വാസ്തവമാണ്

ഉണ്ണികൃഷ്ണൻ