കൊച്ചി: ഫാക്ട് കമ്പനിയുടെ കണക്കിൽ നിന്നും രണ്ട് കോടി പതിനെട്ടു ലക്ഷം രൂപക്കു ള്ള ഉൽപന്നം സ്റ്റോക്കിൽ നിന്നും അപ്രത്യക്ഷ്യമായത് സംബന്ധിച്ചു 2021ലെ അൺ ഓഡിറ്റഡ് ഫിനാഷ്യൽ റിസൾട്ടിലെ കണ്ടെത്തലിനെ കുറിച്ചുള്ള അന്വേഷണം മരവിക്കപ്പെട്ടിരിക്കുന്നു
കർണാടകത്തിലെ ചിക്കമംഗ്ലൂർ, കാടൂർ ഡിപ്പോകളിൽ നിന്നും യഥാക്രമം 640 ,160 ടൺ ഫാക്റ്റാംഫോസ്, അമോണിയം സൾഫേറ്റ് ഉൾപ്പെടെയുള്ള വളങ്ങളാണ് കാണാതെ പോയതെന്നാണ് ഏപ്രിൽ 2021 ലെ കണക്കെടുപ്പിൽ വ്യക്തമായതാണ് ഫൈനാൻസ് ഡയറക്ടറുടെ വെളിപ്പെടുത്തലിന്റെ കാതൽ. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് കൊച്ചി എഡിഷൻ 2022 ഏപ്രിൽ 29 ലെ വാർത്തയിൽ കമ്പനി അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മുകളിൽ പറഞ്ഞ തുകയിൽ നിന്നും ഒട്ടും വ്യത്യാസമില്ലെന്നും കമ്പനി അതിൻറെ ആഭ്യന്തര അന്വേഷണത്തിലൂടെ വെളിപ്പെടുത്തുമെന്നല്ലാം വക്താവ് പറഞ്ഞുറപ്പിക്കുന്നുണ്ട്.
എന്നാൽ കാര്യങ്ങളിൽ നിരവധി അസ്വാഭാവികതയും അവ്യക്തതയും കൂടിവരുകയാണ്. കമ്പനീസ് ആക്ടിൻറെ പരിധിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി ഇവിടെ അതിൻറെതായ ചട്ടങ്ങളിൽ കൃത്യത പാലിച്ചിട്ടില്ലായെന്നു കാണാം. പൊതുപണത്തിൻറെ ദുരുപയോഗം വളരെ വ്യക്തമായിട്ടും കമ്പനീസ് ആക്ടിൻറെ പരിധിയിൽ എന്തെങ്കിലും അന്വേഷണം രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തിയിട്ടുണ്ടോയെന്ന് അറിയുന്നില്ല .
കമ്പനിയിലെ നാല് ആഭ്യന്തര വിഭാഗങ്ങളായ എഛ് ആർ, മാർക്കറ്റിംഗ്, ഫൈനാൻസ്, വിജിലൻസ് എന്നി ഗ്രൂപ്പുകൾ ചേർന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ എന്തു നടപടികളാണ് ഉന്നത മാനേജ്മെൻറ് അധികാരികൾ എടുത്തതെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. അതോടൊപ്പം സംയുക്ത അന്വേഷണത്തിൽ നിന്നും വേറിട്ട് ഒരു സ്വതന്ത്ര അന്വേഷണം നടത്താൻ ഫാക്ട് വിജിലൻസ് വിഭാഗത്തിന് കഴിഞ്ഞിട്ടില്ലായെന്നും വാസ്തവമാണ്. മുൻ ചീഫ് വിജിലൻസ് ഓഫീസർ 2020 ൽ സേവന കാലാവധി കഴിഞ്ഞു ടെലികോമിലേക്ക് തിരിച്ചു പോയതിന് ശേഷം അവശേഷിച്ചിരുന്ന ഡെപ്യൂട്ടി ജനറൽ മാനേജരെ കൊച്ചി ഡിവിഷനിലെ അപ്രധാനമായൊരു ഡിപ്പാർട്മെന്റിലേക്ക് സ്ഥലം മാറ്റിയതിലും ദുരൂഹത ആരോപിക്കപ്പെടുന്നു.
നിലവിലെ ചീഫ് വിജിലൻസ് ഓഫീസർ 2023 മാർച്ച്മാസത്തിൽ ചാർജെടുക്കും വരെ ഫാക്ട് വിജിലൻസിന് കേന്ദ്ര സർക്കാർ പ്രതിനിധിയായ ഒരു വിജിലൻസ് ഓഫീസർ ഇല്ലാതെ പോയതും യാദൃശ്ചികമല്ല. ഈ ഇടവേളകളിലാണ് ഏറ്റവും ദുരൂഹമായ ക്രമക്കേടുകൾ നടന്നിട്ടുള്ളത് .
കമ്പനിയുടെ ചിക്കമംഗ്ലൂർ, കാടൂർ ഡിപ്പോകളിൽ സ്റ്റോക്കിൽ ഉണ്ടായിരുന്ന ഏകദേശം 800 ടൺ രാസവളം കാണാതെ പോകുകയും അവിടത്തെ സെയിൽസ് മാനേജർ ഗിരിധർ ദുരൂഹ സാഹചര്യത്തിൽ 2021 സെപ്റ്റംബർ 29 ന് മരണപ്പെടുകയുമുണ്ടായി. ഇതൊരു സാധാരണ സംഭവമല്ല. മാനേജ്മെൻറ് ഏർപെടുത്തിയ അന്വേഷണത്തിൽ എന്തു കണ്ടെത്തി എന്തു നടപടികളാണ് ഇതുവരെ എടുത്തതുയെന്നു ഇതുവരെ വെളിപ്പെട്ടിട്ടില്ല.
കൂടാതെ കർണാടക സംസ്ഥാനത്തു വളം നഷ്ട്ടമായപ്പോൾ കേരളത്തിലെ ഏലൂർ പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുന്ന മാനേജ്മന്റ് യുക്തിയും വിചിത്രമാണ്. ഏലൂർ പോലീസ് സ്റ്റേഷനിലെ പരാതിയിൽ കാണാതെ പോയിരിക്കുന്നത് ഏകദേശം 5 കോടി രൂപയിൽ താഴെയുള്ള വളമാണെങ്കിൽ കമ്പനിയുടെ ഓഡിറ്റ് രേഖ പ്രകാരം അത് രണ്ടുകോടി പതിനെട്ട് ലക്ഷവും, വളരെ വിചിത്രമാണ് ഉദ്യോഗസ്ഥരുടെ നിലപാടുകൾ .
ഇതിനിടയിൽ വളം നഷ്ട്മായതിന് ഉത്തരവാദികൾ റോഡുമാർഗ്ഗം ഡിപ്പോകളിൽ എത്തിക്കേണ്ടിയിരുന്ന ട്രാൻസ്പോർട്ട് കമ്പനിയാണെന്ന് അവകാശപ്പെട്ടുകൊണ്ടു സീനിയർ ട്രാഫിക് മാനേജർ ട്രാൻസ്പോർട്ട് കമ്പനിയെ കുറ്റപ്പെടുത്തി അവരുടെ ബിൽ തുകയും പിടിച്ചുവയ്ക്കപ്പെട്ടിട്ടുമുണ്ട്. അത് പോലീസ് സ്റ്റേഷനിലെ നഷ്ട്ട തുകയുമായി സാമ്യമുണ്ട്. ദുരൂഹമായ ഈ അന്തർനാടകങ്ങളുടെ ചുരുളുകളഴിക്കാൻ ഉന്നതതല ഏജൻസികൾ വേണ്ടിവരും. കബളിക്കപ്പെട്ടിരിക്കുന്നത് കമ്പനി കാര്യങ്ങളിലെ ആക്റ്റ് പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസാണ്, അതിൻപ്രകാരം രജിസ്ട്രാർ ഓഫ് കമ്പനിസ് അന്വേഷണം നടത്തേണ്ടതും സംഭവിച്ചിരിക്കുന്ന ക്രമക്കേടുകൾ ഗുരുതര സ്വഭമുള്ളതിനാൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഡയറക്ടറെ ( SFIO ) അന്വേഷണത്തിന് ചുമതലപ്പെടുത്തേണ്ടതുമാണ്. ഇതിലെ കതിരും പതിരും തിരിച്ചറിയാൻ പൊതുജനത്തിനും അവകാശമുണ്ട്.