കൊൽക്കത്തയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി.കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത് അത്യന്തം പ്രതിഷേധാർഹമാണ്, ദുഖകരമാണ്.
ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ബംഗാളിൽ തുടർന്ന് നടന്ന സംഭവവികാസങ്ങൾ സംസ്ഥാന ഭരണകൂടം അക്രമികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് സംശയിക്കേണ്ടതായിരിക്കുന്നു. ക്രൈം സീൻ പ്രൊട്ടക്റ്റ് ചെയ്തില്ല എന്ന ആരോപണം, അത് ആത്മഹത്യയാണ് എന്ന കോളേജ് പ്രിൻസിപ്പലിന്റെ ആദ്യ പ്രതികരണം, 36 മണിക്കൂർ ഡ്യൂട്ടിചെയ്ത അവർ എന്തിന് വിശ്രമിക്കുവാൻ എമർജൻസി ഏരിയയിലെ ഹാളിൽ പോയി എന്ന പ്രിൻസിപ്പാലിൻ്റെ ചോദ്യം ഇതെല്ലാം
ഭരണകക്ഷിയുമായി ബന്ധമുള്ള കൊലപാതകികളെ സംരക്ഷിക്കുവാനുള്ള ശ്രമത്തിൻറെ ഭാഗമാണോ?
ഇത് കേവലം ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണം മാത്രമല്ല ഇത് രാജ്യത്തിന്റെ പലഭാഗത്തും സ്ത്രീകൾക്ക് എതിരായി സമീപകാലത്ത് വളർന്ന് വരുന്ന ആക്രമണങ്ങളുടെ ഭാഗമായി കാണേണ്ടതായിരിക്കുന്നു. ഉത്തരാഖണ്ഡിലെ ബിലാസ്പൂരിലും ജൂലായ് 30ന് ജോലി കഴിഞ്ഞ് വരികയായിരുന്ന ഒരു നേഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടീട്ടുണ്ട്,
ഇത്തരത്തിൽ രാജ്യത്തിന്റെ പല ഭാഗത്തും സ്ത്രീകൾക്ക് എതിരെ കുട്ടികൾക്ക് എതിരെ മറ്റ് ദുർബല ജനവിഭാഗങ്ങൾക്ക് എതിരെ വ്യപകമായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിർഭയകേസ് കഴിഞ്ഞതിനു ശേഷം നിരവധി സ്ത്രീ സുരക്ഷാനിയമങ്ങൾ നിലവിൽ ഉണ്ടെങ്കിലും സ്ത്രീകളുടെ സുരക്ഷാ ഉറപ്പ് വരുത്തുവാൻ അതൊന്നും പര്യപ്തമല്ല എന്നാണ് രാജ്യത്ത് സമീപകാലത്ത് നടക്കുന്ന സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
രാജ്യം പുരോഗമന സോഷ്യലിസ്റ്റാശയങ്ങളിൽ നിന്ന് അകന്ന് പൂർവകാല ഗോത്ര വർഗാശങ്ങളിലേക്കും ചിന്തകളിലേക്കും പുറകോട്ട് പോകുമ്പോൾ സ്ത്രീകൾക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കും എതിരായ അക്രമങ്ങൾ കൂടി വരുന്നത് സ്വാഭാവികമാണ് സ്ത്രീകൾക്ക് ഒരു പരിരക്ഷയും, മനുഷ്യാവകാശങ്ങളും ഇല്ലാതെ അവരെ കേവലം പ്രത്യത്പാദന ഉപാധികളും കൃഷിയിടങ്ങളും ആയികാണുന്നതാണ് പുരാതന
ഗോത്രവർഗാശയങ്ങൾ പേറുന്ന മതനിയമങ്ങൾ പലതും. അതുകൊണ്ട് തന്നെ അത്തരം ആശയങ്ങളുടെ അംശം പേറുന്ന സമൂഹത്തിൽ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ സ്വാഭാവികമാണ്.
ഫ്യുഡലിസ്റ്-മുതലാളിത്ത ആശയങ്ങൾ ആകട്ടെ കേവലം പ്രത്യത്പാദന ഉപകരണങ്ങൾ മാത്രമല്ല വിനോദ ഉപകരണങ്ങളും, കച്ചവട ചരക്കുകളും ആയി ആണ് സ്ത്രീകളെ കാണുന്നത്.അതുകൊണ്ട് തന്നെ നിസ്സഹായരും നിരാലംബരും ആയ സ്ത്രീകളെ പണസമ്പാദനത്തിനുള്ള ഇടനിലക്കാരായി മാറ്റപെടുകയാണ്. അത് മയക്ക് മരുന്ന് വിതരണം ആകാം, നില ചിത്ര നിർമാണമാകാം, മറ്റുള്ളവർക്ക് ലൈംഗിക താല്പര്യാർത്ഥം വിൽക്കുന്നത് ആകാം, ഇങ്ങനെ ചൂഷണം ചെയപെടുന്ന സാഹചര്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നതിൻെറ പരിണിത ഫലമാണ് സ്ത്രീകൾക്ക് എതിരായ അക്രമണങ്ങളുടെ പശ്ചാത്തലം.
സ്ത്രീ സമൂഹത്തിന് എതിരെ പണിയിടങ്ങളിൽ അടക്കം മറ്റ് പലമേഖലകളിലും നടക്കുന്ന ചൂഷണത്തിന് എതിരെ, പീഡനത്തിന് എതിരെ ആക്രമണത്തിന് എതിരെ രാജ്യമാകെ വലിയ പ്രക്ഷോഭം ഉയർന്ന് വരുന്ന സാഹചര്യത്തിൽ ആണ് ഇപ്പോൾ സിനിമാമേഖലയിലെ പ്രശനങ്ങൾ പഠിക്കുവാൻ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നിട്ടുള്ളത് .
രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി സാംസ്‌കാരിക വിദ്യാഭ്യാസ വീക്ഷണ പരമായി മുന്നിൽ നിൽക്കുന്ന സമൂഹം എന്നവകാശപെടുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതാണ് ഹേമകമ്മറ്റി റിപ്പോർട്ടിലെ പുറത്ത് വന്നിട്ടുള്ള പരാമർശങ്ങൾ. വെള്ളിത്തിരയില ആദർശവാന്മാരായ നായകന്മാരിൽ പലരും അവരെ സൃഷ്ടിക്കുന്നവരും പുരുഷ മേധാവിത്വ മനോഭാവം പേറുന്ന വെറും മൂന്നാംകിട ആഭാസന്മാരാണ് എന്ന് തെളിയിക്കുന്നതാണ് ആ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്നാണ് നാം കാണുന്നത്.
സ്ത്രീകൾക്ക് എതിരായ അക്രമണങ്ങൾ പ്രത്യേകിച്ചും ലൈംഗിക ചൂഷണ ശ്രമങ്ങൾ അവർ പരാതിപെട്ടില്ലെങ്കിൽ പോലും, അവരൊ മറ്റൊരാളെ പറയുന്നത് കേട്ടാൽ പോലും കേസ് എടുക്കണം എന്ന് നിയമം നിലനിൽക്കുന്ന രാജ്യമാണ് നമ്മുടെ. അപ്പോൾ ഹേമകമ്മറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇതിൽ ഇരയായി തീർന്ന സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിസ്ഥാനത്ത് വരുന്നവർ എത്ര ഉന്നതരായാലും അവർക്ക് എതിരെ കേസ് എടുക്കുവാൻ സർക്കാർ തയ്യാറാവണം.
കൊൽക്കൊത്തയിലും രാജ്യത്തെ മറ്റിടങ്ങളിലും സ്ത്രീകൾ ലൈംഗികാതിക്രമങ്ങളിൽ കൊലചെയ്യപ്പെട്ടപ്പോൾ, നമ്മുടെ സിനിമാമേഖലയിൽ കൊലചെയ്യപ്പെടുന്നതിനേക്കാൾ ക്രൂരമായി സ്ത്രീകൾ നിരന്തര ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നാണ് കമ്മറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മനസിലാകുന്നത്
രാജ്യത്തിന് മാതൃകയായി ഇന്ത്യയിൽ ആദ്യമായി ആണ് ഇതുപോലെ ഒരുകമ്മറ്റി കേരളത്തിൽ നിയമിച്ചത്. അത് അഭിനന്ദനാർഹമാണ്. അതേ മാതൃക തന്നെ കമ്മറ്റിയുടെ കണ്ടെത്തലിൻറെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്ന കാര്യത്തിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. വെറുതെ കോൺക്ലെവ് എന്ന പേരിൽ നാടകമല്ല വേണ്ടത്, ജസ്റ്റീസ് ഹേമ കമ്മറ്റി പറഞ്ഞിട്ടുള്ള ആ 15 അംഗ മാഫിയ സംഘത്തിനെതിരെ നിയമ നടപടിയാണ് വേണ്ടത്
വിപിൻ.പി.എം