ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്‌ത് മന്ത്രി വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനു സഹായകരമായ നിലപാടുകളാണ് ഹൈക്കോടതിയില്‍ നിന്നും, ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും, സംഘാടകരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ അവരെ സഹായിക്കുന്ന സര്‍ക്കാരിനോ ഒരു രാഷ്ട്രീയ താൽപ്പര്യവുമില്ലെന്നും മന്ത്രി വി.എൻ വാസവൻഫേസ് ബുക്കിൽ കുറിച്ചു.

“ഹൈക്കോടതി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് നല്‍കിയ അനുമതി സുപ്രീം കോടതി ആ രൂപത്തില്‍ തന്നെ അംഗീകരിച്ച് അനുകൂലമായ ഉത്തരവാണ് നല്‍കിയിരിക്കുന്നതെന്ന് മനസിലാക്കുന്നു. വിധിയെ സ്വാഗതം ചെയ്യുന്നു. വിവാദമുണ്ടാക്കാന്‍ സങ്കുചിതമായ വീക്ഷണം ഉയര്‍ത്തിക്കൊണ്ട് ചില ആളുകള്‍ ഇതിനെ സമീപിച്ചിരുന്നു. സംഘാടകരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ അവരെ സഹായിക്കുന്ന സര്‍ക്കാരിനോ ഒരു രാഷ്ട്രീയ താൽപ്പര്യവുമില്ല.

തത്ത്വമസി എന്ന അര്‍ത്ഥപൂര്‍ണ്ണമായ ആശയത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്. ശ്രീകോവിലിനു മുന്നില്‍ ആലേഖനം ചെയ്തിരിക്കുന്ന ആ സന്ദേശം പങ്കുവയ്ക്കുന്നത് ഞാനും നീയും തമ്മില്‍ വ്യത്യാസമില്ല, ഞാന്‍ നീയാകുന്നു എന്ന വിശ്വമാനവികതയുടെ സന്ദേശമാണ്. ലോകത്ത് മറ്റൊരു ആരാധന കേന്ദ്രത്തിലും കാണാത്ത സന്ദേശം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക.

അതിനൊപ്പം ആഗോള തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ അവിടെ എത്തിച്ചേരുന്ന ഭക്തര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ വേണോ എന്ന കാര്യം, ക്രൗഡ് മാനേജ്‌മെന്റ്, ഭാവിയില്‍ ഒരുക്കേണ്ട മറ്റ് വികസന കാര്യങ്ങള്‍ ഇതെല്ലാം ഒരു വേദിയില്‍ ചര്‍ച്ച ചെയ്യുക എന്നതാണ് ആഗോള അയ്യപ്പ സംഗമംകൊണ്ട് ലക്ഷ്യമിടുന്നത്,” മന്ത്രി വ്യക്തമാക്കി. അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ പാലിച്ച് അയ്യപ്പ സംഗമം നടത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി.