കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളായതിനാലാണ് പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സർക്കാർ നിലപാടെടുത്തത്. എന്നാൽ, കേസിലെ നടപടികൾക്ക് പ്രോസിക്യൂഷൻ അനുമതി വേണമെന്ന നിലപാടിലായിരുന്നു വിജിലൻസ്.
സർക്കാരിന്റെയും വിജിലൻസിന്റെയും പരസ്പരവിരുദ്ധമായ നിലപാടുകളിൽ മുൻപ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കേസിലെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് കോടതി മാറ്റിവെച്ചിട്ടുണ്ട്.
കേസിന്റെ നാൾവഴി:
- പ്രതികൾ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം.എൻ. സോമൻ ഉൾപ്പെടെയുള്ളവർ.
- പരാതി: 2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ സൃഷ്ടിച്ച് പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്.എൻ.ഡി.പി വായ്പയെടുത്ത് സാമ്പത്തിക തിരിമറിയിലൂടെ 15 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.
- ആരോപണം: നബാർഡ് വഴി പിന്നാക്ക വികസന കോർപ്പറേഷൻ അനുവദിച്ച ഗ്രാന്റ് ഉപയോഗിച്ച് കുറഞ്ഞ പലിശയ്ക്ക് നൽകേണ്ട തുക അമിത പലിശ ഈടാക്കി വിതരണം ചെയ്ത് സർക്കാരിനെ വഞ്ചിച്ചുവെന്ന് വിജിലൻസ് കണ്ടെത്തി.
- നടപടികൾ: കേസിൽ വിജിലൻസ് ഇതുവരെ എട്ട് കുറ്റപത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
