മോദിയുടെ വലിയ ആരാധകനാണ് താനെന്നാണ് ട്രംപ് ;ഇത് പുതിയ തന്ത്രമോ ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രം.യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഡല്‍ഹിയില്‍ പങ്കെടുത്ത പരിപാടിക്കിടെ, ഫോണിലൂടെ ലൈവില്‍ വന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോദിയുടെ വലിയ ആരാധകനാണ് താനെന്നാണ് ട്രംപ് പറഞ്ഞത്.

അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് ട്രംപ് നരേന്ദ്രമോദിയെ പ്രശംസിച്ചത്. ‘ ഇന്ത്യയിലെ യുഎസ് അംബാസഡറായ സെര്‍ജിയോ ഗോര്‍, നിങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധിയാകണം. എനിക്ക് എല്ലാവര്‍ക്കും ഒരു ഹലോ പറയാന്‍ മാത്രമാണ് താല്പര്യം. എനിക്ക് പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണ്. മോദി മികച്ചയാളാണ്. അദ്ദേഹം എന്റെ സുഹൃത്താണ്.’- ചടങ്ങില്‍ സ്ഥാപിച്ച ഭീമാകാരമായ സ്‌ക്രീനിന് മുന്നില്‍ സെര്‍ജിയോ ഗോറും റൂബിയോയും നില്‍ക്കുമ്പോള്‍ ട്രംപ് ഫോണിലൂടെ പറഞ്ഞു.

‘നമ്മള്‍ ഒരിക്കലും ഇന്ത്യയോട് ഇത്രയടുത്ത് നിന്നിട്ടില്ല. ഇന്ത്യക്ക് എന്നെയും നമ്മുടെ രാജ്യത്തെയും 100 ശതമാനം വിശ്വസിക്കാം. അവര്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ എങ്ങോട്ടാണ് വിളിക്കേണ്ടതെന്ന് അവര്‍ക്കറിയാം. അവര്‍ ഇവിടെയാണ് വിളിക്കുന്നത്. നമ്മള്‍ മികച്ച രീതിയില്‍ മുന്നേറുന്നു, നമ്മള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്,’- ട്രംപ് പറഞ്ഞു.

‘നമുക്കൊരു റെക്കോര്‍ഡ് സമ്പദ്വ്യവസ്ഥയുണ്ട്, റെക്കോര്‍ഡ് സ്റ്റോക്ക് മാര്‍ക്കറ്റുമുണ്ട്. ഇന്ത്യക്ക് എന്താണോ വേണ്ടത്, അത് അവര്‍ക്ക് ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വലിയ ആരാധകനാണ് ഞാന്‍,’- യുഎസ് പ്രസിഡന്റ് പറഞ്ഞു. കൂടാതെ റൂബിയോയെ ചരിത്രത്തിലെ ‘ഏറ്റവും മികച്ച’ വിദേശകാര്യ സെക്രട്ടറി എന്ന് അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ട്രംപിന് വേണ്ടി സെര്‍ജിയോ ഗോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു.