കുന്നംകുളം മുൻ എംഎൽഎ യുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു.

സിപിഎം നേതാവും കുന്നംകുളം മുൻ എംഎൽഎ യുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. ഇന്നു ഉച്ചയോടെയാണ് അന്ത്യം .

ഞരമ്പുകളെ ബാധിക്കുന്ന പാര്‍ക്കിന്‍സന്‍സ് രോഗമായിരുന്നു . പിന്നീട് ചെറിയ കോമ സ്‌റ്റേജിലേയ്ക്ക് മാറുകയും വീട്ടില്‍ തന്നെ ശുശ്രൂഷയില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. .

രണ്ടുതവണ നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധീകരിച്ച് എത്തിയ നേതാവാണ്. 2006-ൽ ഡിഐസിയുടെ യുഡിഎഫ് സ്ഥാനാർഥി വി ബാലറാമിനെയും 2011ൽ സി എം പി യുടെ യുഡിഎഫ് സ്ഥാനാർഥി സി പി ജോണിനെയുമാണ് ബാബു പരാജയപ്പെടുത്തിയത്. ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.കുന്നംകുളത്തിനടുത്ത് കടവല്ലൂർ സ്വദേശിയാണിദ്ദേഹം

1980-ല്‍ ഡിവൈഎഫ്ഐ രൂപവത്കരിച്ചപ്പോള്‍ കൊരട്ടിക്കരയില്‍ പ്രഥമ യൂണിറ്റ് പ്രസിഡന്റായിട്ടാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തിയത്. 1986 മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. സിപിഎം തൃശൂർ ജില്ല മുൻ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്, സിഐടിയു ജോയിന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് അംഗം തുടങ്ങി സാംസ്കാരിക, തൊഴിലാളി, കായിക മേഖലകളിലെല്ലാം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

സെയ്താലി എന്ന എസ്.എഫ്.ഐ. പ്രവർത്തകനെ പട്ടാമ്പി സംസ്കൃത കോളേജിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ എട്ടാം പ്രതിയായിരുന്ന ആർ.എസ്.എസ്. അംഗമായ ശങ്കരനാരായണനാണ് പിന്നീട് സി.പി.ഐ.(എം) അംഗമായ ബാബു പാലിശ്ശേരിയെന്ന് ബെർലിൻ കുഞ്ഞനന്തൻ നായർ അവകാശപ്പെട്ടിട്ടുണ്ട്.ഇക്കാര്യം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു.ശങ്കരനാരായണനാണ് പെരുമാറ്റത്തിലൂടെ ബാബു എം പാലിശ്ശേരിയായതെന്നും വാർത്തകൾ പ്രചരിച്ചു .ഇക്കാര്യം ബാബു എം പാലിശ്ശേരി നിഷേധിക്കുകയുണ്ടായി.പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബാബു എം പാലിശേരി മികച്ച പ്രാസംഗികന്‍ കൂടിയായിരുന്നു.