സഭയും കോൺഗ്രസും ഏറ്റുമുട്ടുന്നു;കെപിസിസി പ്രസിഡന്റിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ. സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു. കോൺഗ്രസിന്റെ കാര്യങ്ങൾ സഭകൾ അല്ല തീരുമാനിക്കുന്നത് എന്ന സണ്ണി ജോസഫിന്റെ പരാമർശത്തിനാണ് മറുപടി. കഴിവുള്ള നേതാക്കൾ നേതൃത്വത്തിൽ വരണമെന്നത് പൗരന്മാരുടെ സ്വപ്നം. അവരെ മതത്തിന്റെ പേരിൽ തടയുന്നത് സങ്കടകരമാണെന്ന് ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു.

പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ സഭകൾ തുറന്നു പറയും. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് ചിലർ കണക്ക് കൂട്ടുന്നു. എന്നാൽ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ലെന്ന് വൈദീക ട്രസ്റ്റി ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു.

പിസിസി പുനഃസംഘടനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു സണ്ണി ജോസഫ് രം​​ഗത്തെത്തിയത്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.


റവ ഫാ ഡോ. തോമസ് വർഗ്ഗീസ് അമയിൽ ( മലങ്കര സഭ വൈദിക ട്രസ്റ്റി) ന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂർണ രൂപം താഴെ :

“രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടികൾ തന്നെയാണ്. എടുക്കുന്ന തീരുമാനങ്ങളിൽ 100% തൃപ്തിയുണ്ടാകുന്നില്ല എന്ന് സമ്മതിക്കേണ്ടി വരുന്നതും പാർട്ടി നേതൃത്വത്തിൻ്റെ മാത്രം പ്രശ്നമാണ്.

പൊതു സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ചില തീരുമാനങ്ങൾ കാണുമ്പോൾ സഭയും, സമൂഹവും തുറന്നു പറയും. ആ അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. കഴിവുള്ള നേതാക്കൻമാർ നേതൃത്വത്തിൽ വരണം എന്നത് പൗരൻമാരുടെ സ്വപ്നമാണ്. അവരെ മതത്തിൻ്റെയും, താൽപ്പര്യങ്ങളുടെയും പേരിൽ തഴയുന്നത് സങ്കടകരമാണ്. ആ അഭിപ്രായത്തിന് ചെവികൊടുക്കാത്തവർ എങ്ങനെ ജനാധിപത്യത്തിൻ്റെ കാവൽക്കാരാകും? ഇനി അതല്ല, മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് കണക്ക് കൂട്ടുന്നവർ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്.”