എന്‍എസ്എസിന്റെ സര്‍ക്കാര്‍ അനുകൂല നിലപാടിനെതിരെ സംഘടനയ്ക്കുള്ളില്‍ രാജി. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടേത് വീണ്ടുവിചാരമില്ലാത്ത നടപടിയെന്ന് എന്‍എസ്എസ് കണയന്നൂര്‍ കരയോഗം പരസ്യമായി വിമര്‍ശിച്ചു. ചങ്ങനാശേരിയില്‍ ഒരു കുടുംബം രാജി നല്കി. സുകുമാരന്‍ നായരെ കട്ടപ്പയോട് ഉപമിച്ച് ഇന്നും പത്തനംതിട്ടയില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടു.എൻ എസ് എസിൽ കടുത്ത ഭിന്നാഭിപ്രായമാണ് .

ആഗോള അയ്യപ്പസംഗമത്തിന് പിന്നാലെ, സര്‍ക്കാര്‍ നിലപാടുകളെ പ്രശംസിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രംഗത്തുവന്നതോടെയാണ് സംഘടനയ്ക്കുള്ളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നത്. ജനറല്‍ സെക്രട്ടറിയുടെത് വ്യക്തപരമായ നിലപാടെന്നും അതാണ് എന്‍എസ്എസ് നിലപാട് എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും കണയന്നൂര്‍ എന്‍എസ്എ പ്രസിഡന്റും ട്രഷററും പറഞ്ഞു. സുകുമാരന്‍ നായരുടേത് സ്വജനപക്ഷപാതവും അവിവേകവുമാണ്. അത്തരം നിലപാടുകള്‍ തുടരരുത്. അതില്‍ നിന്ന് അദ്ദേഹം പിന്തിരിയണം. ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല എങ്കിലും നിലപാട് വേണമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചങ്ങനാശേരിയില്‍ ഒരുകുടുംബം സമുദായത്തില്‍ നിന്നും അംഗത്വം രാജിവച്ചാണ് പ്രതിഷേധം അറിയിച്ചത്. പുഴവാത് സ്വദേശി ഗോപകുമാറും ഭാര്യയും രണ്ട് മക്കളുമാണ് രാജിക്കത്ത് നല്‍കിയത്. വിശ്വാസികളെ മുഴുവന്‍ വഞ്ചിക്കുന്ന നിലപാട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് ഗോപകുമാര്‍ പറഞ്ഞു. എന്നാല്‍ ഒരാള്‍ക്ക് മാത്രമാണ് അംഗത്വം ഉള്ളതെന്നാണ് കരയോഗത്തിന്റെ മറുപടി.

പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നും പ്രതിഷേധ ബാനര്‍ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ബാനര്‍ കെട്ടിയത്. ഇന്നലെ വെട്ടിപ്രം 681-ാം നമ്പര്‍ കരയോഗ കെട്ടിടത്തിന് മുന്നിലും ബാനര്‍ സ്ഥാപിച്ചിരുന്നു. കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നില്‍ നിന്നു കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ എന്നാണ് ബാനറിലെ പരിഹാസം.സുകുമാരൻ നായരെ പുറത്താക്കുമോ ? അദ്ദേഹം രാജിവെക്കുമോ ?തുടങ്ങിയ അഭ്യൂഹങ്ങളുമുണ്ട്.
