അങ്കമാലിയുടെ ദീപ്ത സ്മൃതിയായി ത്രിഭംഗി കൊടിയിറങ്ങി

കേരള സംഗീത നാടക അക്കാദമി അങ്കമാലിയിൽ സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം സമാപിച്ചു.

മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച നൃത്തോത്സവത്തിൽ 120 കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. 11 വ്യത്യസ്ത നൃത്തരൂപങ്ങളുടെ 51 അവതരണങ്ങളാണ് നടന്നത്. കമഴ്ത്തിവെച്ച മൺകുടത്തിന് മുകളിലുള്ള പെരണിനാട്യം മുതൽ സാത്രിയ വരെയുള്ള അവതരണങ്ങളെ അങ്കമാലി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്.

കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി, എറണാകുളം ജില്ല കേന്ദ്ര കലാസമിതി എന്നിവയുടെ സഹകരണത്തോടെയാണ് സംഗീത നാടക അക്കാദമി അങ്കമാലി എ.പി കുര്യൻ സ്മാരക സി.എസ്.എ ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിച്ചത്.