സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ്
എറണാകുളം ജില്ലയിലെ മുട്ടാർ നദിക്കു കുറുകെയുള്ള ചേരാനല്ലൂർ ഏലൂർ ചൗക്ക പാലം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. 27.70 കോടി രൂപയുടെ പദ്ധതിയാണിത്. ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രമായ ഏലൂരിൽ നിന്ന് ദേശീയപാതയിലേക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന പാലം എന്ന നിലയിൽ വലിയ പ്രാധാന്യം കൽപിക്കപ്പെടുന്ന പദ്ധതിയാണിത്. വർഷങ്ങളുടെ പഴക്കമുള്ള ജനകീയാവശ്യമാണ് നിരന്തരമായ ശ്രമത്തിനൊടുവിൽ ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

153.24 മീറ്റർ നീളമുള്ളതാണ് നിർദ്ദിഷ്ട പാലം. ഇതിൽ 20 മീറ്റർ വീതം നീളമുള്ള 2 ലാൻഡ് സ്പാനുകളും 19.85 മീറ്റർ നീളമുള്ള 4 ലാൻഡ് സ്പാനുകളും, 32.04 മീറ്റർ നീളമുള്ള മധ്യ സ്പാനുമുണ്ട് . 7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും ഇരുഭാഗത്തുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. പാലത്തിന്റെ ആകെ വീതി 11.00 മീറ്ററും മധ്യ സ്പാനിന് 12.00 മീറ്ററുമാണ്. ബാർജുകൾ പിയറുകളിൽ ഇടിക്കുന്നത് നിയന്ത്രിക്കുന്നതിന് 80 മില്ലീമീറ്റർ വ്യാസമുള്ള 16 എണ്ണം ഫെൻഡർ പൈലുകളും നൽകും.
ചേരാനല്ലൂർ ഭാഗത്ത് അപ്പ്രോച്ച് റോഡ് ഉള്‍പ്പെടെ 329 മീറ്ററും ഏലൂർ ഭാഗത്ത് അപ്പ്രോച്ച് റോഡ് ഉള്‍പ്പെടെ 335 മീറ്ററും നീളത്തിലുള്ള റോഡുകളും ഇരുഭാഗങ്ങളിലായി സര്‍വീസ് റോഡുകളും ഉണ്ടാവും. മണ്ണിന്റെ മോശം അവസ്ഥ കണക്കിലെടുത്ത് തെങ്ങിന് പൈലുകൾ ഉപയോഗിച്ച മണ്ണ് ബലപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ദീർഘകാലമായി ജനകീയ ആവശ്യമായി ഉന്നയിക്കപ്പെടുന്ന പദ്ധതിയാണിത്. 2010 ൽ പാലം നിർമ്മിക്കണമെന്ന ആവശ്യമുയർത്തി പുഴയിൽ മനുഷ്യച്ചങ്ങല തീർത്തിരുന്നു. ഒരു ഘട്ടത്തിൽ ടെണ്ടർ നടപടികൾ വരെ എത്തി. നിർമ്മാണോദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് മുടങ്ങിപ്പോയി. പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കവർ ഫോട്ടോ കടപ്പാട് :മനോരമ
