തമിഴ്‌നാട് ബിജെപി വൈസ് പ്രസി‍ഡന്റായി നടി ഖുഷ്ബുവിനെ നിയമിച്ചു.

തമിഴ്‌നാട് ബിജെപി വൈസ് പ്രസി‍ഡന്റായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുഷ്ബുവിന് പ്രധാനപ്പെട്ട പദവി നൽകിയത്. മുതിർന്ന നേതാക്കളായ വി പി ദുരൈസാമി, കരു നാഗരാജൻ, കെ‌ പി രാമലിംഗം, ശശികല പുഷ്പ, ആർ സി പോൾ കനകരാജ് തുടങ്ങി 14 പേരെയാണു വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്. കരാട്ടെ ത്യാഗരാജൻ, അമർ പ്രസാദ് റെഡ്ഡി തുടങ്ങി 15 പേരെ പാർട്ടി സെക്രട്ടറിമാരെ നിയമിച്ചു.

എസ് ജി സൂര്യയാണ് യുവമോർച്ച പ്രസിഡന്റ്. അശ്ലീല വിഡിയോ വിവാദത്തിൽപെട്ട് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച കെ ടി രാഘവനെ ഓർഗനൈസർ പദവിയിൽ നിയമിച്ചു. സംഘടനാ ജനറൽ സെക്രട്ടറിയായി കേശവ വിനായകൻ തുടരും.

എസ് ആർ ശേഖറാണ് ട്രഷറർ..ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ ഖുഷ്ബു അടുത്തയിടെ പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചിരുന്നു. രാഷ്ട്രീയത്തിൽ സജീവമായി തുടരുമോയെന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണു പുതിയ നിയമനം. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖുഷ്ബു, പിന്നീട് കോൺഗ്രസിൽ പ്രവർത്തിച്ച ശേഷം 2020ലാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗര മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.