വൈസ് ചാൻസലർ ഗവർണറുടെ കൂലിത്തല്ലുകാരൻ എന്ന് വിദ്യാഭ്യാസ മന്ത്രി

വൈസ് ചാൻസലർ ഗവർണറുടെ കൂലിത്തല്ലുകാരൻ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് വിദ്യഭ്യാസമന്ത്രി ആവർത്തിച്ചു.സിന്‍ഡിക്കേറ്റിനെയും സബ് കമ്മിറ്റികളെയും മറികടന്നാണ് വിസിയുടെ നടപടി. ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുകയാണ്. അത്തരം ചട്ടമ്പിത്തരവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചാണ് രജിസ്ട്രാറെ സസ്പന്‍ഡ് ചെയ്തതെന്ന് ശിവന്‍കുട്ടി പറഞ്ഞു. രജിസ്ട്രാറെ നിയമിക്കുന്നത് സിന്‍ഡിക്കേറ്റാണ്. അത്തരമൊരാള്‍ക്കെതിരെ നടപടിയെടുക്കേണ്ടതും സിന്‍ഡിക്കേറ്റാണ്. പത്തുദിവസത്തില്‍ കൂടുതല്‍ ലീവ് അനുവദിക്കാന്‍ പോലും വിസിക്ക് അനുമതിയില്ല. അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍വരെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനേ വിസിക്ക് അധികാരമുള്ളു.

സംസ്ഥാനത്ത് പരമാവധി സംഘര്‍ഷങ്ങള്‍ ഉണ്ടാകട്ടെയെന്നതാണ് ഗവര്‍ണറുടെ നിലപാട്. ബിജെപി ഇതര ഭരണമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ ആര്‍എസ്എസ്, ബിജെപി നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മലയാളിയാണെങ്കിലും ബംഗാളിലെ ഗവര്‍ണര്‍ ചെയ്യുന്നത് കാണുന്നില്ലേ? ഗവര്‍ണര്‍മാര്‍ പാരലല്‍ സംവിധാനമായി പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടായത് ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ്. ഇപ്പോഴത്തെ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ ടൈംടേബിള്‍ ഇട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആരിഫ് മുഹമ്മദ്ഖാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു ചെയ്ത്. ഇതിനെയെല്ലാം കേരളം പ്രതിരോധിക്കുമെന്ന് മന്ത്രി പറഞ്ഞു.