ഒരു കൈയിൽ ഭരണഘടനയും മറ്റൊരു കൈയിൽ ജമാ അത്തെ ഇസ്ലാമിയുമായുള്ള സഖ്യവുമെന്ന് കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ

മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. കോൺ​ഗ്രസ് അപകടകരമാണെന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുണ്ട്. നിലമ്പൂരിലെയും വയനാട്ടിലെയും വിജയം കോൺ​ഗ്രസിന്റേതല്ല, ജമാ അത്തെ ഇസ്ലാമിയുടേതാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കോൺഗ്രസിന്‍റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടെ കൈയിലാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺ​ഗ്രസ് ഏതു വഴിയും തേടും. അവിടെ മതേതരത്വമോ, മറ്റ് മൂല്യങ്ങളോ പരിഗണിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ സംഘടനകൾക്കും പ്രസിഡന്‍റും സെക്രട്ടറിയുമൊക്കെയാണ് പദവികളെങ്കിൽ ഇവരുടെ മേധാവി “അമീർ ” എന്നാണ് അറിയപ്പെടുന്നത്.

വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് ജമാ അത്തെ ഇസ്ലാമിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഒരു കൈയിൽ ഭരണഘടനയും മറ്റൊരു കൈയിൽ ജമാ അത്തെ ഇസ്ലാമിയുമായുള്ള സഖ്യവുമാണുള്ളത്. ജമാ അത്തെ ഇസ്ലാമിക്കെതിരെ എഫ്ഐആർ ഇല്ലെന്നാണ് വിഡി സതീശൻ പറയുന്നത്. എന്നാല്‍, അവര്‍ അപകടം നിറഞ്ഞ സംഘടനയാണെന്ന് പണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.