കൊച്ചിയിലെ റെയിഞ്ച് റോവർ ഷോറൂം ജീവനക്കാരൻ റോഷൻ ആൻ്റണി സേവ്യറിൻ്റെ മരണത്തിൽ ദുരൂഹത നീക്കണം; ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു
വാഹനം ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ റോഷൻ മരിച്ച സംഭവത്തിൽ ദുരൂഹതകളുണ്ടെന്നും, ഇതിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
അപകടത്തിൽപ്പെട്ട വാഹനം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിലുള്ള തൊഴിലാളികളല്ല ഇറക്കിയതെന്ന പ്രസ്താവന പുറത്തുവന്ന സാഹചര്യത്തിൽ റോഷന്റെ കുടുംബത്തിന്റെ ആശങ്കകൾ ദൂരീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടി.
അപകടത്തിൽപ്പെട്ട കാർ ആരാണ് കൈകാര്യം ചെയ്തതെന്നതിലെ ദുരൂഹത നീക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. വാഹനങ്ങളിൽ നിന്ന് കാറുകൾ കയറ്റിയിറക്കുന്ന തൊഴിൽ കയറ്റിറക്ക് തൊഴിലാളികൾ ചെയ്യുന്നില്ലെന്നും, അത്തരമൊരു കീഴ്വഴക്കം എറണാകുളത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നുമുള്ള സി.കെ. മണിശങ്കറിന്റെ പ്രസ്താവന നിലനിൽക്കെ സിഐടിയു ൻ്റെ ലെറ്റർപാഡ് അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
അങ്ങനെയാണെങ്കിൽ വ്യാജ യൂണിയൻ ഉണ്ടാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ക്രിമിനൽ കേസ് എടുക്കുകയും വേണം അതിന് സിഐടിയു നേതൃത്വം തന്നെ മുന്നോട്ടുവരണം.
വാഹനം ഇറക്കുന്നതുമായി ബന്ധപ്പെട്ട നോക്കുകൂലി ഇതേപോലുള്ള വിഷയത്തിൽ, CITU യൂണിയനെ എതിർകക്ഷിയാക്കി W.P(C).No.28160 of 2017 നമ്പർ കേസ് CITU യൂണിയനെതിരെ 2017ൽ ഹൈക്കോടതി വിധി വന്നിട്ടുള്ളതാണെന്നതും ശ്രദ്ധേയമാണ്.
അപകടത്തിൽപ്പെട്ട വാഹനം ഇറക്കിയത് ക്ഷേമനിധി ബോർഡിന്റെയോ തൊഴിലാളി യൂണിയന്റെയോ അറിവിലുള്ള തൊഴിലാളികളല്ലെങ്കിൽ, യഥാർത്ഥത്തിൽ ആരാണ് ഈ വാഹനം ഇറക്കിയതെന്നും, അവരെ ഇതിനായി ആര് ചുമതലപ്പെടുത്തി എന്നും കണ്ടെത്തണം. കൂടാതെ, ഈ ജോലിയുടെ ഭാഗമായി ലഭിക്കുന്ന ഭീമമായ കൂലി ആരൊക്കെ പങ്കിട്ടുവെന്നും, അതിൽ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ നേതാക്കൾക്കോ പങ്കുണ്ടോയെന്നും വിശദമായി അന്വേഷിക്കണം.
ഈ വിഷയത്തിലെ ദുരൂഹതകൾ നീക്കുന്നതിനായി പോലീസ്, ട്രേഡ് യൂണിയൻ രജിസ്ട്രാർ, ലേബർ ഡിപ്പാർട്ട്‌മെന്റ് എന്നിവർ സംയുക്തമായി അടിയന്തര അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.
റോഷന്റെ കുടുംബത്തിന് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആംആദ്‌മി പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.