കൊച്ചി: എം.ജി. സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മഹാരാജാസും യു.സി.യും ഉൾപ്പെടെ പ്രമുഖ ക്യാമ്പസുകളിൽ മികച്ച വിജയം നേടി എസ്.എഫ്.ഐ. ആലുവ യു.സി. കോളേജിൽ ആറ് വർഷങ്ങൾക്ക് ശേഷമാണ് എസ്.എഫ്.ഐ. യൂണിയൻ തിരിച്ചുപിടിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ ആകെയുള്ള 14 സീറ്റുകളും നിലനിർത്തി എസ്.എഫ്.ഐ. മേധാവിത്തം തുടർന്നു.
എറണാകുളം ലോ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എറണാകുളം സെന്റ് ആൽബർട്ട്സ്, കൊച്ചി എം.ഇ.എസ്. തുടങ്ങി ജില്ലയിലെ മുപ്പതിലധികം കോളേജുകളിൽ എസ്.എഫ്.ഐ. വിജയം കൈവരിച്ചു.
അതേസമയം, ചില പ്രമുഖ ക്യാമ്പസുകളിൽ നിർണ്ണായക തിരിച്ചുവരവോടെ കെ.എസ്.യുവും കരുത്തുകാട്ടി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോതമംഗലം എം.എ. കോളേജിലും കാലടി ശ്രീശങ്കര കോളേജിലും കെ.എസ്.യു. വിജയം കൊയ്തത്. തേവര സേക്രഡ് ഹാർട്ട്, ആലുവ അൽ അമീൻ, മൂവാറ്റുപുഴ നിർമ്മല കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും നിലനിർത്താൻ കെ.എസ്.യുവിന് സാധിച്ചു. പന്ത്രണ്ടിലധികം കോളേജുകളിലാണ് കെ.എസ്.യു. യൂണിയൻ വിജയം നേടിയത്.
