എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീണ്ടുനിന്ന തർക്കത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ പരിഹാരമായി. മന്ത്രി Roji M. Johnയുടെ നേതൃത്വത്തിൽ സർക്കാരും ജനപ്രതിനിധികളും പങ്കെടുത്ത നിർണായക ചർച്ചയിൽ രൂപപ്പെട്ട സമവായ ഫോർമുല ഇരുവിഭാഗവും അംഗീകരിച്ചതോടെ സമരസമിതി സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. ദളിത് കുടുംബങ്ങൾക്ക് അവർ നിലവിൽ താമസിക്കുന്ന പ്രദേശത്ത് തന്നെ തുടരാൻ സാഹചര്യമൊരുക്കണമെന്ന ആവശ്യമാണ് സർക്കാർ ചർച്ചയിലൂടെ യാഥാർഥ്യമാക്കിയത്. ചർച്ച വിജയകരമായിരുന്നുവെന്നും തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ധാരണയായതായും മന്ത്രി റോജി എം. ജോൺ അറിയിച്ചു.
പുതിയ കരാർ പ്രകാരം, മലയിടംതുരുത്തിൽ തർക്കത്തിലായിരുന്ന ശങ്കരൻ നായരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് അഞ്ച് സെന്റ് വീതം സ്ഥലം ദളിത് കുടുംബങ്ങൾക്ക് അനുവദിക്കും. ഈ ഭൂമിയിൽ സർക്കാർ മുൻകൈയെടുത്ത് പുതിയ വീടുകൾ നിർമിച്ച് നൽകും. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അതു വരെ നിലവിലെ വീടുകളിൽ തന്നെ കുടുംബങ്ങൾക്ക് സുരക്ഷിതമായി താമസിക്കാം. പുതിയ വീടുകളുടെ നിർമാണം പൂർത്തിയായ ശേഷം അവർ അവിടേക്ക് മാറും. കരാറിലെ വ്യവസ്ഥകൾ ഔദ്യോഗികരേഖയാക്കുകയും തുടർനടപടികൾ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്യുമെന്ന് യോഗത്തിൽ തീരുമാനമായി. സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനും ധാരണയായി. രണ്ട് ദിവസത്തിനകം കരാറിൽ ഒപ്പുവെക്കുകയും അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്യും. വീട് നിർമാണം പൂർത്തിയാകുന്നത് വരെ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് മൂവാറ്റുപുഴ ആർ.ഡി.ഒയെയും ഡി.വൈ.എസ്.പിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
“അതേ മണ്ണിൽ തന്നെ ജീവിക്കണമെന്ന ഞങ്ങളുടെ പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചു. അതിനാൽ യോഗത്തിലെ തീരുമാനങ്ങളെ പൂർണമായി സ്വാഗതം ചെയ്യുകയും സമരം അവസാനിപ്പിക്കുകയും ചെയ്യുന്നു” എന്ന് സമരസമിതി ഭാരവാഹികൾ പ്രതികരിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരപ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കാൻ ചർച്ചയിൽ ധാരണയായി. ദളിത് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ തന്നെ അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്ന തീരുമാനത്തോടെയാണ് മലയിടംതുരുത്തിലെ കുടിയിറക്കൽ സമരത്തിന് വിരാമമായത്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വി പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ്.പി. സുന്ദർശൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം. മായ, സമരസമിതി പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
