മുഖ്യമന്ത്രി വി ഡി സതീശന്റെ സഹോദരനെതിരെ നൽകിയ പരാതിയിൽ സിമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി

മുഖ്യമന്ത്രി വി ഡി സതീശന്റെ സഹോദരൻ വി ഡി അജയകുമാറിനെതിരെ നൽകിയ പരാതിയെ തുടർന്ന് സിമി റോസ്ബെൽ ജോണിൽ നിന്നും എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (നോർത്ത് ) മൊഴിയെടുത്തു.വി ഡി സതീശനെതിരെ പരസ്യമായി പ്രതികരിച്ചതിനെ തുടർന്ന് സിമിയെ കോൺഗ്രസിൽ നിന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്താക്കിയിരുന്നു.മുൻ പി എസ് സി അംഗമാണ് ഇവർ.എറണാകുളം തേവര സ്വദേശിനിയാണ് സിമി .

ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പരാതിക്കാരിയുടെ മൊഴി പോലീസ് ഇന്ന് എടുത്തത്.സിമി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ,തേവര പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ,കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ,വി ഡി അജയകുമാർ ,പ്രതിപക്ഷ നേതാവായ വി ഡി സതീശൻ എന്നിവരെയാണ് കക്ഷി ചേർത്തത്.പരാതിക്കാരിയുടെ മൊഴി എടുക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പുറപ്പെടുവിച്ചത്.

സിമിക്ക് വേണ്ടി അഭിഭാഷകരായ വി.ആർ.മനോരഞ്ജൻ (മൂവാറ്റുപുഴ ),അനൂപ് വി.നായർ എന്നിവരാണ് ഹാജരായത്.പരാതിക്കാരിയുടെ സമാധാനപരമായ ജീവിതത്തിനും സ്വത്തിലും ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഈ റിട്ട് ഹർജി തീർപ്പാക്കുന്നത് വരെ ഉറപ്പാക്കണമെന്നാണ് അഭിഭാഷകർ വാദിച്ചത്.

അതേസമയം പരാതിക്കാരി പോലീസ് അതോറിറ്റിക്ക് മൊഴി നൽകാൻ വിസമ്മതിച്ചുവെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ നേരത്തെ ബോധിപ്പിച്ചത് . പോലീസ് മൊഴി എടുക്കാൻ വിസമ്മതിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകൻ സത്യവാങ് മൂലത്തിലൂടെ വ്യക്തമാക്കിയത്. ഈ തർക്കം പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇന്ന് (29.05.2026 ന് രാവിലെ 11.00 മണിക്ക്) കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ മുമ്പാകെ പരാതിക്കാരി ഹാജരാകണമെന്നും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടിരുന്നത് .തുടർന്നാണ് സിമിയുടെ മൊഴി രേഖപ്പെടുത്തിയത് .സിമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയപ്പോൾ വി ഡി സതീശൻ മുഖ്യമന്ത്രിയാണ്.കേസ് കൊടുക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവായിരുന്നു.എന്തിനാണ് വി ഡി സതീശനും സഹോദരനും എതിരെ കേസ് നൽകിയതെന്ന് ചോദിച്ചപ്പോൾ സിമി റോസ്ബെൽ ജോൺ പ്രതികരിക്കാൻ വിസമ്മതിച്ചു .