മലയിടംതുരുത്ത് പരിയത്തു കാവില്‍ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഹൈക്കോടതി.

എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് പരിയത്തു കാവില്‍ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഹൈക്കോടതി. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ സുപ്രീം കോടതി വിധി നടപ്പാക്കണം. അതു നടപ്പാക്കാതെ മറ്റു മാര്‍ഗമില്ല. കോടതി വിധിയെ സര്‍ക്കാര്‍ ബഹുമാനിക്കണം. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത്വം പറയുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

തര്‍ക്കസ്ഥലത്തെ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ ദലിത് വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം അവിടെ താമസിക്കണമെങ്കില്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഈ അവകാശം സ്ഥാപിച്ചെടുക്കാനായി അവര്‍ നിയമവഴി സ്വീകരിച്ചിട്ടില്ല. കോടതിയെ സമീപിക്കാത്തിടത്തോളം കാലം കുടിയൊഴിപ്പിക്കല്‍ തടയാനാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

അതേസമയം, ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ സാവകാശം ഹൈക്കോടതിയില്‍ തേടി. ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു കോടതിയെ അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി, രണ്ടാഴ്ച സാവകാശം അനുവദിച്ചു. മലയിടംതുരുത്തിലെ കുടുംബങ്ങളെ മെയ് 26 നകം കുടിയൊഴിപ്പിക്കണമെന്നാണ് ജസ്റ്റിസ് ടി ആര്‍ രവി നേരത്തെ ഉത്തരവിട്ടിരുന്നത്. അഭിഭാഷക കമ്മീഷന്‍ കഴിഞ്ഞദിവസം മലയിടംതുരുത്തില്‍ കുടുയൊഴിപ്പിക്കാനെത്തിയപ്പോള്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്.