സോഷ്യൽ മീഡിയയിലെ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുമായി (CJP) ബന്ധമുള്ള വ്യക്തികൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സംഘടനയുമായി ബന്ധപ്പെട്ടവർ വ്യാജ നിയമ ബിരുദങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും സുപ്രീം കോടതിയുടെ ഔദ്യോഗിക ഐഡന്റിറ്റി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. വ്യാജ ബിരുദങ്ങൾ കാട്ടി അഭിഭാഷകരോ നിയമവിദഗ്ധരോ ആയി ആൾമാറാട്ടം നടത്തുന്നവർക്കെതിരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജുഡീഷ്യൽ നടപടികളുടെ വിശ്വാസ്യതയെയും നിയമസംവിധാനത്തിന്റെ സമഗ്രതയെയും ചോദ്യം ചെയ്യുന്നതാണ് ഈ പ്രവണതയെന്ന് ഹർജി വ്യക്തമാക്കുന്നു.

ഇന്ത്യയിലെ വ്യവസ്ഥിതിയെയും ഭരണസംവിധാനങ്ങളെയും ഡിജിറ്റൽ മീമുകളിലൂടെ (Memes) ആക്രമിക്കുന്ന വ്യക്തികളെക്കുറിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സിജെപി തരംഗമായത്. എന്നാൽ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവെച്ചുവെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോ (IB) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ച സംഘടനയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് കേന്ദ്ര സർക്കാർ ഇന്ത്യയിൽ തടഞ്ഞിരുന്നു.
ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും പൊതുസമാധാനവും സംരക്ഷിക്കുന്നതിനായി ഐടി നിയമത്തിലെ സെക്ഷൻ 69എ (Section 69A) പ്രകാരമാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച മുതൽ തന്നെ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ പേജ് ലഭ്യമായിരുന്നില്ല.
