പിതാവിന്റെ മരണശേഷം അനന്തരാവകാശികൾ തമ്മിൽ വസ്തു വിഭജനത്തെ ചൊല്ലി തർക്കമാണെങ്കിൽ എന്തുചെയ്യും?

ഒരു വ്യക്തിയുടെ കാലശേഷം അവകാശികൾ തമ്മിൽ തർക്കം ഉടലെടുത്തേക്കാം. അവകാശമായി ലഭിച്ച വസ്തു പാർട്ടീഷൻ നടത്തുവാൻ ചിലർ തയ്യാറാവില്ല. അത് മറ്റ് അവകാശികൾക്ക് ബുദ്ധിമുട്ടുണ്ടാകും. മധ്യസ്ഥർ മുഖേന പരിഹരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടാൽ ഭൂമി ഭാഗം( Partition ) ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അവകാശിക്ക്/ അവകാശികൾക്ക് സിവിൽ കോടതി മുഖാന്തരം പാർട്ടീഷൻ കേസ് നൽകാം.
കോടതി അവകാശികളെ സമൻസ് അയച്ചു വിളിച്ചുവരുത്തും.കക്ഷികൾക്ക് കോടതിയിൽ മറുപടി ബോധിപ്പിക്കാം.

മറുപടിക്ക് ശേഷം കോടതി പ്രിലിമിനറി ഡിക്രി എന്ന പേരിൽ ആരൊക്കെയാണ് അവകാശികൾ എന്ന് നിശ്ചയിക്കുകയും ബന്ധപ്പെട്ട വസ്തു യഥാർത്ഥത്തിൽ അങ്ങനെ ഭാഗം വെക്കുന്നതിന് അർഹതപ്പെട്ടതാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു.

അതിനുശേഷം ഭൂമി അവകാശികളുടെ വ്യക്തി നിയമമനുസരിച്ചും ഓഹരിക്രമം അനുസരിച്ചും അളന്നു തിരിക്കുന്നതിന് ഒരു അഭിഭാഷക കമ്മീഷണറെ സർവേയറുടെ സഹായത്തോടുകൂടി നിയോഗിക്കുന്നു.

ഭൂമി സന്ദർശിച്ച് അളവുകൾ തിരിച്ച് നിശ്ചിത ഭാഗം അവകാശികൾക്ക് വേണ്ടി തരംതിരിച്ച സ്കെച്ച് ഉണ്ടാക്കുന്നു.

അങ്ങനെ ഫയൽ ചെയ്യുന്ന റിപ്പോർട്ടിൽ അവകാശികൾക്ക് ആക്ഷേപങ്ങൾ ബോധിപ്പിക്കാം. അതിനുശേഷം കോടതി ഫൈനൽ ഡിക്രി എന്ന പേരിൽ ഓഹരി ഭാഗങ്ങൾ ഓരോരുത്തർക്കും നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും.

തീരെ ചെറിയ ഭൂമി, വിഭജനത്തിന് സാധ്യമല്ലെങ്കിൽ അത് വിൽപ്പന നടത്തി അവകാശികൾക്ക് അതിന്റെ വീതം ലഭിക്കുന്നതിനും സാധ്യതകളുണ്ട്.

ഫൈനൽ ഡിക്രി ഉത്തരവിന് ശേഷം അപേക്ഷിക്കുന്ന മുറയ്ക്ക് അവരവരുടെ ഭാഗങ്ങൾ പേരിലേക്ക് നിയമപ്രകാരം കോടതി ഉദ്യോഗസ്ഥൻ സ്ഥലത്ത് വന്ന് ഭൂമി കൈവശം നടത്തി നൽകുന്നു. വ്യവഹാരമധ്യേ കക്ഷികൾ ധാരണ ആയാൽ കോടതിക്ക് പുറത്ത് നേരിട്ട് രജിസ്റ്റർ ഓഫീസിൽ ഭാഗാധാരം, ധന നിശ്ചയം, ഒഴിമുറി എന്നിങ്ങനെയുള്ള പ്രമാണങ്ങൾ ചെയ്യുകയുമാകാം.

18 വയസ്സ് കഴിഞ്ഞ ആർക്ക് വേണമെങ്കിലും വിൽപ്പത്രം തയ്യാറാക്കാം. തന്റെ വസ്തുക്കൾ ആർക്കൊക്കെയാണ് എത്തിച്ചേരേണ്ടതെന്ന് കൃത്യമായി പ്രതിപാദിക്കാം… മരണശേഷം അനന്തരാവകാശികൾ കോടതി വരാന്തയിൽ കയറിയിറങ്ങുന്നത് ഒരു പരിധിവരെ തടയാം… ആത്മാവിന് മോക്ഷം…!!!

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075