ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന ‘മയൂരി നാരി’ എന്ന തായ് ചരക്കുകപ്പലിനു നേരെ ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിക്കുകയും മൂന്നു ജീവനക്കാരെ കാണാതാവുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

തിരിച്ചറിയാത്ത രണ്ട് പ്രൊജക്ടൈലുകൾ കപ്പലിൽ പതിച്ചതായാണ് വിവരം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും തീപിടുത്തമുണ്ടാവുകയും ചെയ്തു. കാണാതായ മൂന്നു ജീവനക്കാരും എൻജിൻ റൂമിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
തായ്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രെഷ്യസ് ഷിപ്പിംഗ് എന്ന കമ്പനിയുടെ കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ‘മൂന്നു ജീവനക്കാരെ കാണാനില്ലെന്നും അവർ എൻജിൻ റൂമിനുള്ളിൽ കുടുങ്ങിയതായാണ് കരുതുന്നതെന്നും’ കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

കാണാതായ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഷിപ്പിംഗ് കമ്പനി പറഞ്ഞു. കപ്പലിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നതിന്റെ ചിത്രങ്ങൾ തായ് നാവികസേന പുറത്തുവിട്ടിട്ടുണ്ട്. തായ് സ്വദേശികളായ 23 ക്രൂ അംഗങ്ങളായിരുന്നു കപ്പലിലുണ്ടായിരുന്നതെന്ന് റോയൽ തായ് നേവി പ്രസ്താവനയിൽ പറഞ്ഞു.

കപ്പൽ ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണം വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

