നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷായുടെ സ്വത്തുക്കൾ ഇ ഡി കണ്ടുക്കെട്ടി

സാമ്പത്തികത്തട്ടിപ്പ് കേസിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ ഡിയുടെ നടപടി. ജാസ്മിൻ ഷാ, ഭാര്യ, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 1.44 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു.കൊച്ചി സോണൽ ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED), 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (PMLA) വ്യവസ്ഥകൾ പ്രകാരമാണ് നടപടി സ്വീകരിച്ചത് .

ജാസ്മിൻ ഷാ

വിദേശത്തുനിന്ന്​ ഹവാല പണം കടത്തിയെന്നാരോപിച്ച്​ ജാസ്മിൻ ഷാ ക്കെതിരെ ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകനായ എം ആർ അജയൻ ഹർജി നൽകിയിരുന്നു.ജാസ്മിൻ ഷായുടെ അനധികൃത സമ്പാദ്യം വിനിയോഗം എന്നിവ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനേഷണത്തിനു ഉത്തരവിടണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം .തുടർന്നാണ് ഇ ഡി ഈ കേസിൽ അനേഷണം നടത്തിയത്.

ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജാസ്മിൻഷായെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ ഷബ്ന എം എ, മറ്റ് ഭാരവാഹികൾ ഷോബി ജോസഫ്, നിധിൻ മോഹൻ, ജിത്തു പി ഡി, സുജനപാൽ എ കെ, ബിബിൻ എൻ പോൾ, സുധീപ് എം വി) എന്നിവർക്കെതിരെയാണ് കേസെടുത്തത് .

നഴ്സുമാരിൽ നിന്നും മാസവരിയായും നിയമപോരാട്ടത്തിനും വേണ്ടി പിരിച്ചെടുത്ത പണം പ്രതികൾ ഫ്ലാറ്റ് വാങ്ങാനും കാറുകൾ വാങ്ങാനും വകമാറ്റി ഉപയോഗിച്ചു എന്നാണ് ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും ഇ ഡി അധികൃതർ വ്യക്തമാക്കി.

നേരത്തെ, യുഎൻഎയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. ജാസ്മിൻ ഷാ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നു1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.


.