വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബി.ജെ.പി കൗൺസിലറും വിരമിച്ച ഡി.ജി.പിയുമായ ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് ശ്രീലേഖ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നീക്കം.

ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിനെ പ്രതിനിധീകരിക്കുന്ന കൗൺസിലറാണ് ശ്രീലേഖ. ചുവരിൽ വരച്ച താമര ചിഹ്നത്തിന് നിറം നൽകിയാണ് അവർ പ്രചാരണം ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം മേയർ വി.വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശ നാഥ് ജി.എസ്, ബി.ജെ.പി നേതാവ് എസ്. സുരേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശ്രീലേഖ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “പാർട്ടി നിർദ്ദേശപ്രകാരമാണ് ഞാൻ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ശാസ്തമംഗലത്ത് നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. അതുപോലെ, പാർട്ടി നിർദ്ദേശിച്ചാൽ ഞാൻ മത്സരിക്കുകയും വിജയിക്കുകയും എം.എൽ.എ ആകുകയും ചെയ്യും,” അവർ പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും പാർട്ടിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുമെന്നും മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതായും അവർ കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ മാത്രമല്ല, ബി.ജെ.പിയുടെ താമര കേരളത്തിലുടനീളം വിരിയുമെന്നും അതിനായി മലയാളികൾ എൻ.ഡി.എയിൽ വിശ്വാസമർപ്പിച്ച് കഴിഞ്ഞതായും അവർ പറഞ്ഞു.

ശ്രീലേഖ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കുമെന്നാണ് ബി.ജെ.പി പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. നിലവിലെ എം.എൽ.എ വി.കെ പ്രശാന്തിനെ തന്നെയാകും സി.പി.എം മത്സരിപ്പിക്കുക. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവും നേരത്തെ വട്ടിയൂർക്കാവിൽ എം.എൽ.എയുമായിരുന്ന കെ. മുരളീധരന്റെ പേരാണ് യു.ഡി.എഫിൽ നിന്ന് ഉയർന്ന് കേൾക്കുന്നത്. ഈ പോരാട്ടത്തട്ടിലേക്ക് ശ്രീലേഖ കൂടി എത്തുന്നതോടെ സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമായി വട്ടിയൂർക്കാവ് മാറുമെന്നത് തീർച്ചയാണ്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ലഭിച്ച വോട്ട് വിഹിതം കണക്കിലെടുത്ത് ബി.ജെ.പി വലിയ വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ വി.വി രാജേഷിനെ 21,515 വോട്ടുകൾക്കാണ് വി.കെ പ്രശാന്ത് പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ വീണ എസ്. നായർ മൂന്നാം സ്ഥാനത്തായിരുന്നു.

