സിയാൽ പൊതുമേഖല സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) പൊതു മേഖല സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി. ഇന്ന് (26-02-2026)സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ കൂടുതൽ വിശദാംശങ്ങൾ കിട്ടിയിട്ടില്ല. കേരള ഹൈക്കോടതി സിയാലിനു ഒരു ലക്ഷം രൂപ കോടതി ചെലവ് വിധിച്ചിരുന്നു. അത് സുപ്രീം കോടതി ഒഴിവാക്കിയിട്ടുണ്ട്.

സുപ്രീം കോടതി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇതോടെ ഗ്രീൻ കേരള ന്യൂസ്‌ ചീഫ് എഡിറ്റർ മാധ്യമപ്രവർത്തകനായ എം ആർ അജയൻ നടത്തിയ വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനു സുപ്രീം കോടതി വിധിയോടെ പര്യവസാനമായിരിക്കുകയാണ്.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് പൊതുമേഖല സ്ഥാപനമല്ലാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സിയാൽ ചൂണ്ടിക്കാട്ടി മറുപടി നൽകാതെ എം ആർ അജയൻ നൽകിയ ചോദ്യങ്ങൾ തള്ളുകയായിരുന്നു. ഇതിനെതിരെ വിവരാവകാശ കമ്മീഷനിൽ അജയൻ പരാതി നൽകി. തുടർന്ന് സിയാൽ പൊതുമേഖലാ സ്ഥാപനമായതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും, എം ആർ അജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടി നല്കാൻ വിവരാവകാശ കമ്മീഷൻ നിർദേശിച്ചു.

ഇതിനെതിരെയാണ് സിയാൽ ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ചും വിവരാവകാശ കമ്മീഷൻ നൽകിയ ഉത്തരവ് ശരിവെക്കുകയാണ് ചെയ്തത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിയാൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഡിവിഷൻ ബെഞ്ച് സിയാലിന്റെ വാദം തള്ളി .

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായം ‘സിയാലി”ന് ലഭിക്കുന്നതിനാൽ പൊതുസ്ഥാപനമല്ലെന്ന സിയാലിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന്ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സിയാൽ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളിയാണ് ഇപ്പോൾ സിയാൽ പൊതുസ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്നും അതുകൊണ്ട് വിവരങ്ങൾ നൽകണമെന്നും സുപ്രീം കോടതി ഇന്ന് (26-02-2026)വിധിച്ചത്. സുപ്രീം കോടതി ഉത്തരവോടെ എല്ലാവർക്കും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ സിയാൽ നൽകേണ്ടി വരും.എം ആർ അജയന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് അഡ്വക്കേറ്റുമാരായ ആർ വെങ്കിട്ടരാമൻ ,എം .കെ അശ്വതി എന്നിവരാണ്.