തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡ്ഡുവിൻ്റെ ഗുണനിലവാരം ഇനി പരിശോധിക്കുക യന്ത്രങ്ങളായിരിക്കും.
ലഡ്ഡുവിൻ്റെയും സൗജന്യ ഭക്ഷണത്തിൻ്റെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ അത്യാധുനിക ഭക്ഷ്യ ലബോറട്ടറി ആരംഭിക്കും.

പ്രസാദം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഏകദേശം 60 അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി നവീന ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന 25 കോടി രൂപയുടെ ലാബ് ആണ് സ്ഥാപിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വൈ സത്യകുമാര്‍ യാദവ് പറഞ്ഞു.
നെയ്യ്, കശുവണ്ടി, ഉണക്കമുന്തിരി, ബദാം, പയര്‍, പഞ്ചസാര, ഏലം, മഞ്ഞള്‍, മുളകുപൊടി അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ ലാബ്. ഇതിനായി ഫ്രാന്‍സില്‍ നിന്ന് 3.5 കോടി രൂപയ്ക്ക് ‘E-Tongue, E-Nose ‘ മെഷീനുകള്‍ ഇറക്കുമതി ചെയ്യും.

നെയ്യിന്റെ ഗുണനിലവാരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ഈ മെഷീനുകള്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ലാബ് പ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായതായും അടുത്ത മാസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മെയ് മാസത്തോടെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.

2024 ഒക്ടോബര്‍ 8 ന് ഡല്‍ഹിയില്‍ സംസ്ഥാന ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഓഫ് ഇന്ത്യയും ഒപ്പുവച്ച കരാറിനെ തുടര്‍ന്നാണ് ലാബ് സ്ഥാപിക്കുന്നത്. തിരുമലയിലെ നവീകരിച്ച 12,000 ചതുരശ്ര അടി വിസ്തീരണമുള്ള രണ്ട് നില കെട്ടിടത്തിലാണ് ലാബ് വികസിപ്പിക്കുന്നത്. 50 നൂതന ഉപകരണങ്ങള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ലബോറട്ടറി മൈക്രോബയോളജി, കെമിസ്ട്രി, സെന്‍സറി വിശകലനം എന്നിവയില്‍ പരിശോധനകള്‍ നടത്തും.

ഭക്ഷ്യവസ്തുക്കളിലും ജല സാമ്പിളുകളിലും കടന്നുകൂടാന്‍ സാധ്യതയുള്ള കീടനാശിനി അവശിഷ്ടങ്ങള്‍, ഘനലോഹങ്ങള്‍, സൂക്ഷ്മാണുക്കള്‍, ആന്റിബയോട്ടിക് അംശങ്ങള്‍ എന്നിവ ഇതിന് കണ്ടെത്താന്‍ കഴിയും.ദേവസ്വത്തിലെ വെള്ളത്തിന്റെയും പ്രസാദത്തിന്റെയും സാമ്പിളുകള്‍ പതിവായി പരിശോധിക്കും.ആരോഗ്യ വകുപ്പില്‍ നിന്നും തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളില്‍ നിന്നുമുള്ള ഏകദേശം 40 ജീവനക്കാര്‍ ലാബ് കൈകാര്യം ചെയ്യും. അടുത്തിടെ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചതായുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

ലഡ്ഡു ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.ഇത് സംബന്ധിച്ച് നടത്തി സി ബി ഐ അനേഷണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഡ്ഡു നിര്‍മാണത്തിന് ബീഫ് / പന്നിക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്നും, കൃത്രിമ നെയ്യാണ് ഉപയോഗിച്ചതെന്നുമാണ് സിബിഐ നിലപാട്. തിരുമല വെങ്കിടേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വലിയ വിവാദങ്ങള്‍ക്ക് അവസാനമിടുന്നതാണ് സിബിഐയുടെ ഈ കണ്ടെത്തല്‍.

ലഡ്ഡു തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന ആരോപണത്തില്‍ സിബിഐ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമാണ് നടന്നത് എന്നായിരുന്നു നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐയുടെ നിലപാട്.

