ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടംലക്ഷ്യമിടുന്നതായി വാർത്തകൾ പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതി പടർത്തുന്നു.
‘എല്ലാ സാധ്യതകളും പരിശോധിക്കുന്നു’ എന്ന വൈറ്റ് ഹൗസിൻ്റെ നിലപാട് ഇറാൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടികൾ തുടരുന്ന സാഹചര്യത്തിൽ, ഖമേനിയെയും അദ്ദേഹത്തിന്‍റെ മകൻ മുജ്തബ ഖമേനിയെയും ഭരണകൂടത്തിന്റെ തലപ്പത്തുനിന്ന് നീക്കം ചെയ്യാനുള്ള സൈനിക നീക്കങ്ങൾ അമേരിക്ക ഗൗരവമായി ആലോചിക്കുന്നതായാണ് ആക്‌സിയോസ് പോലുള്ള പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇറാൻ്റെ ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ നൽകിയ സമയപരിധി അവസാനിക്കാറായതും, ഇറാനിലെ ആഭ്യന്തര പ്രക്ഷോഭകാരികൾക്ക് ട്രംപ് നൽകുന്ന പരസ്യപിന്തുണയും സംഘർഷത്തിന്റെ ആക്കം കൂട്ടി.

ഖമേനിയെ ഒരു ‘ക്രിമിനൽ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാൻ്റെ ഭരണം മാറേണ്ട സമയം അതിക്രമിച്ചുവെന്ന് കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇറാൻ്റെ മിസൈൽ ശേഖരങ്ങളും ആണവ കേന്ദ്രങ്ങളും തകർക്കുന്നതിനോടൊപ്പം തന്നെ, ഭരണനേതൃത്വത്തെ ‘തലയറുക്കുക’ എന്ന തന്ത്രവും പെൻ്റെഗൺ ട്രംപിന് മുന്നിൽ സമർപ്പിച്ച യുദ്ധപദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്. 2020-ൽ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് സമാനമായ ഒരു നീക്കം പരമോന്നത നേതാവിന് നേരെയും ഉണ്ടായേക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

അമേരിക്കയുടെ ഈ നീക്കങ്ങൾക്കെതിരെ ഇറാൻ അതിശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഖമേനിക്ക് നേരെയുള്ള ഏതൊരു ആക്രമണവും ഒരു പൂർണ്ണരൂപത്തിലുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ മുന്നറിയിപ്പ് നൽകി.
“ഞങ്ങളുടെ നേതാവിനെ തൊട്ടാൽ അമേരിക്കയുടെ ലോകം ഞങ്ങൾ ചുട്ടെരിക്കും” എന്നാണ് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കമാൻഡർമാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.ഈ മേഖലയിലെ കൂലിപ്പടകളായ ഹിസ്ബുള്ളയും ഹൂതികളും ഈ യുദ്ധത്തിൽ ഇറാൻ്റെ പക്ഷത്ത് ചേർന്ന് ആക്രമണം കടുപ്പിക്കാൻ സാധ്യതയുള്ളത് ഇസ്രായേലിനും ആശങ്കയുണ്ടാക്കുന്നു.

നിലവിൽ പേർഷ്യൻ ഗൾഫിൽ അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ നാവിക-വ്യോമ സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബർ വിമാനങ്ങളും മേഖലയിൽ നിലയുറപ്പിച്ചു കഴിഞ്ഞു.

എന്നാൽ, ഖമേനിയെപ്പോലുള്ള ഒരു നേതാവിനെ ലക്ഷ്യമിടുന്നത് മേഖലയിൽ പരിഹരിക്കാനാവാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി അറേബ്യയും മറ്റ് അറബ് രാജ്യങ്ങളും അമേരിക്കയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇറാൻ്റെ ആണവായുധ മോഹങ്ങൾ തടയാൻ പത്തു ദിവസത്തെ സമയപരിധിയാണ് ട്രംപ് നൽകിയിരിക്കുന്നത്. ഈ ചർച്ചകൾ പരാജയപ്പെട്ടാൽ, ഒരുപക്ഷേ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിവരയ്ക്കുന്ന വലിയൊരു യുദ്ധത്തിനാകാം. വൈറ്റ് ഹൗസ് വക്താക്കൾ പറയുന്നതനുസരിച്ച്, ഇറാനെ ഒരു സമാധാന കരാറിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രാഥമിക ലക്ഷ്യമെങ്കിലും, ഖമേനിയെ അധികാരത്തിൽ നിന്ന് നീക്കുന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ ട്രംപിൻ്റെ പരിഗണനയിൽ തന്നെയുണ്ട്.

