നർമ്മം :”ഇതാണ് ചേട്ടാ കരുതൽ .ചേട്ടന് രാത്രിയിൽ 12 മണിക്ക് കുടിക്കണമെന്ന് തോന്നിയാലും അപ്പൊ പോയി കുടിച്ചോണം “

നമ്മുടെ എൽഡിഎഫ് സർക്കാരിനു ജനങ്ങളുടെ കാര്യത്തിൽ എന്തൊരു കരുതലാണ്.. ഇ ങ്ങനെയായിരിക്കണം ഒരു സർക്കാർ .എല്ലാ ശരിയാകുമെന്ന് പറഞ്ഞു പത്ത് വർഷമായി ഭരിക്കുകയല്ലേ .ഇതിൽപ്പരം എന്തുവേണം ?

ആശുപത്രിയിൽ മരുന്നില്ലെങ്കിലും ,രോഗികൾ മരിച്ചാലും ,ഡോക്ടർമാർ ആനുകൂല്യങ്ങൾ കിട്ടാതെ സമരം നടത്തിയാലും ,നേഴ്‌സുമാർക്ക് മിനിമം വേതനം കൊടുത്തില്ലെങ്കിലും ,ആശാ വർക്കർമാർ തെരുവിൽ കിടന്നാലും ,സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങിയാലും ,കർഷകരിൽ നിന്നും വാങ്ങിയ നെല്ലിന്റെ പണം കൊടുത്തില്ലെങ്കിലും ,പോലീസുകാർ നാട്ടുകാരെ പഞ്ഞിക്കിട്ടാലും ,പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടാലും എൽഡിഎഫ് സർക്കാരിനു ഒരു വേദനയുമില്ല.വേദന പോയിട്ട് ഒരു കുലുക്കം പോലുമില്ല .

പക്ഷെ കേരളത്തിലെ കുടിയന്മാരോട് കരുതലുണ്ട് .അത് അതിരറ്റതാണ് .കുടിയന്മാരോട് എൽഡിഎഫ് സർക്കാരിനു പ്രത്യേക സ്നേഹവും വാത്സല്യവുമുണ്ട് .അത് പറയാതിരിക്കാൻ കഴിയില്ല മക്കളേ ….കുടിയന്മാരും ലോട്ടറിയുമുള്ളതുകൊണ്ടല്ലേ നിനക്കൊക്കെ മാസാമാസം ശബളം തരുന്നതെന്ന് രഹസ്യമായി പറയാറുണ്ട് .അത് എന്തിനാ രഹസ്യമാക്കുന്നത് എന്നാണ് അടിയന്റെ ചോദ്യം. .പരസ്യമായി പറയണം ഹേ ..

കുടിച്ച് കുടിച്ച് കുടിയന്മാർ ചോര ഛർദ്ദിച്ച് വഴിയിൽ കിടന്നാലോ ആശുപത്രിയിൽ കിടന്നാലോ അവരെ സഹായിക്കാൻ സർക്കാരിന് താൽപ്പര്യമില്ല .എന്നാൽ കുടിയന്മാരെ കൂടുതൽ കുടിയന്മാരാക്കുന്ന എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ ചെയ്യേണ്ടി വന്നാൽ അതുടനെ സർക്കാർ ചെയ്യും .അതാ കരുതൽ

ചില നേരത്ത് കുടിയന്മാർക്ക് തോന്നും ഇത് നമ്മുടെ ‘സ്വന്തം ‘ സർക്കാരാണ് എന്ന് .രാത്രി പന്ത്രണ്ടു മണിക്ക് കുടിക്കണമെന്ന് തോന്നിയാൽ കുടിക്കാൻ കഴിയുമായിരുന്നോ ? നമ്മുടെ രാജേഷ് മന്ത്രി വന്നതോടെ നമ്മുടെ വിളി കേട്ടില്ലേ .എം വി ഗോവിന്ദൻ മന്ത്രിയായിരുന്നപ്പോൾ പോലും നടക്കാത്ത കാര്യമല്ലേ ഇപ്പോൾ രാജേഷ് മന്ത്രി വന്നപ്പോൾ നടന്നത് .നമ്മളെ ഉദ്ദേശിച്ചാണ് എൽഡിഎഫ് എല്ലാ ശരിയാക്കുമെന്ന് പറഞ്ഞത്.എല്ലാം ശരിയാക്കിയില്ലേ .

ഹരികുമാറിന്റെ കാർട്ടൂണിലെ വാചകം പോലെ “ഇതാണ് ചേട്ടാ കരുതൽ .ചേട്ടന് രാത്രിയിൽ 12 മണിക്ക് കുടിക്കണമെന്ന് തോന്നിയാലും അപ്പൊ പോയി കുടിച്ചോണം “

(എം ആർ അജയൻ )