ബാറുകളുടെ സമയം വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് എക്‌സൈസ് മന്ത്രി;ബാംഗ്ലൂർ നഗരം അപേക്ഷിച്ച് കേരളത്തിൽ ഇപ്പോഴും കുറവാണ്

ബാറുകളുടെ സമയം വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ല. സമയം ഏകീകരിക്കുകയാണുണ്ടായതെന്നും മന്ത്രി രാജേഷ് കണ്ണൂരില്‍ പറഞ്ഞു.

ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നേരത്തെ തന്നെ രാവിലെ പത്തുമുതല്‍ 12 വരെ സമയം അനുവദിച്ചിട്ടുണ്ട്. ടൂറിസം ഡെസ്റ്റിനേഷനുകളില്‍ കുറച്ചുകാലമായി ഈ സമയക്രമം ആണുള്ളത്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ഡെസ്റ്റിനേഷനുകളാണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസന്‍സ് ഫീസ് 35 ലക്ഷം രൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിന്റെ തൊട്ടടുത്തും ബാര്‍ ഉണ്ടാകും. അപ്പോള്‍ ഒരു വിവേചനം നിലനില്‍ക്കുന്നു എന്ന പരാതി വളരെ ശക്തമായി സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നു.

സമയം നീട്ടണമെന്നതും നേരത്തെയുള്ള ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ്, ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നിലനില്‍ക്കുന്ന സമയം മറ്റുള്ളവര്‍ക്കു കൂടി ബാധകമാക്കിയത്. ഇക്കാര്യത്തില്‍ പുതിയ തീരുമാനം എടുക്കുകയല്ല സര്‍ക്കാര്‍ ചെയ്തതെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കര്‍ണാടകയില്‍ ബാര്‍ സമയം 9 മുതല്‍ 12 വരെയാണ്. ബംഗളൂരു നഗരത്തില്‍ രാവിലെ 9 മുതല്‍ രാത്രി 1 മണി വരെയാണ്. എന്നാല്‍ കേരളം ഇപ്പോള്‍ ബാര്‍ സമയം കൂട്ടിയത് രാവിലെ 10 മണി മുതല്‍ രാത്രി 12 വരെയാണ്. മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ഫയല്‍ നീക്കം വളരെ വേഗത്തിലായിരുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മന്ത്രി തള്ളി. വളരെ സാവധാനത്തിലാണ് ഫയല്‍ നീങ്ങിയത്. അല്ലെങ്കില്‍ ഒക്ടോബറില്‍ തീരുമാനം ഉണ്ടാകുമായിരുന്നു. എല്ലാകാര്യത്തിലും ദുരൂഹത ആരോപിക്കല്‍ ഒരു പതിവാണ്. പ്രതിപക്ഷത്തിനും ഇക്കാര്യം അറിയാമായിരുന്നു. പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും മന്ത്രി രാജേഷ് പറഞ്ഞു.