ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സത്യവാങ്മൂലം ബോര്‍ഡ് നല്‍കിയിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമായ റിപ്പോര്‍ട്ടായി ഈ ദേവസ്വം ബോര്‍ഡ് കരുതുന്നില്ല. ആ റിപ്പോര്ട്ടിന്മേല് ഇനിയും കൂടുതല്‍ തിരുത്തലുകള്‍ വരുത്താനുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.

ഓഡിറ്ററുടെ കുറ്റമല്ല. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡില്‍ നിന്നും കൃത്യമായ മറുപടി നല്‍കാതിരുന്നതാണ് കുഴപ്പമായത്. പല നടപടികളും എടുക്കേണ്ടത് ബോര്‍ഡിനുള്ളില്‍ തന്നെയാണ്. ബില്ലുകള്‍ പരിശോധിക്കുക അടക്കമുള്ള നടപടികള്‍ ചെയ്യേണ്ടതുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും ബോര്‍ഡ് വിശദമായ മറുപടി നല്കുമ്പോള് മാറുമെന്ന് കെ ജയകുമാര്‍ പറഞ്ഞു.

ഓഡിറ്റര്‍ക്ക് സമയോചിതമായി ബോര്‍ഡില്‍ നിന്നും മറുപടി നല്കാതിരുന്നതു കൊണ്ടുള്ള വീഴ്ചയാണ് സംഭവിച്ചത്. ഈ മാസം 27 നാണ് കോടതി കേസ് പരിഗണിക്കുന്നത്. അതിനു മുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ തെറ്റു തിരുത്തല്‍ നടത്താന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. അതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ദേവസ്വം കമ്മീഷണര്‍, അക്കൗണ്ട്സ് ഓഫീസര്‍, ചീഫ് എഞ്ചിനീയറും അടങ്ങുന്ന ടാസ്ക് ഫോഴ്സാണ് രൂപീകരിച്ചത്. ഈ ടാസ്ക് ഫോഴ്സ് ഓഡിറ്ററുമായി സംസാരിച്ച്, റിപ്പോര്‍ട്ടില്‍ കടന്നുകൂടിയിട്ടുള്ള പിഴവുകള്‍ തിരുത്തും.

