ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നു. ബാരിസാൽ ഡിവിഷനിലെ ഭോല-1 (സദർ) നിയോജക മണ്ഡലത്തിലാണ് ബി.ജെ.പിയുടെ വിജയം.

എന്നാൽ, ബംഗ്ലാദേശിലും ബിജെപി തരംഗം എന്ന് പറയാനും എഴുതാനും വരട്ടെ, ഒരു ട്വിസ്റ്റുണ്ട്. ഇത് നരേന്ദ്ര മോദിയുടെ ബി.ജെ.പിയല്ല, ഇന്ത്യയിലെ ഭരണകക്ഷിയുടെ അതേ ചുരുക്കപ്പേര് പങ്കിടുന്ന ബംഗ്ലാദേശ് ജാതിയ പാർട്ടിയാണ്. വാർത്ത പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു. ചിലർ അത്ര അറിയപ്പെടാത്ത ബംഗ്ലാദേശി പാർട്ടിയെ ഇന്ത്യയുടെ ബി.ജെ.പിയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
വാർത്ത പ്രചരിച്ചതോടെ നിരവധി പേരാണ് ഈ പാർട്ടിയെ കുറിച്ച് തിരയുന്നത്. താരീഖ് റഹ്മാന്റെ ബി.എൻ.പിയുടെ സഖ്യകക്ഷിയായ ബംഗ്ലാദേശിലെ ബി.ജെ.പിയെ കുറിച്ചുള്ള ഒരു ചെറിയ വിവരണം ഇതാ. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ബി.എൻ.പി 209 സീറ്റുകൾ നേടി വൻ വിജയം കൈവരിക്കുകയും രണ്ടു പതിറ്റാണ്ടിന് ശേഷം ബംഗ്ലാദേശിൽ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. താരീഖ് അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഖ്യകക്ഷികളുടെ നാലു സീറ്റുകൾ ഉൾപ്പെടെ 212 സീറ്റുകൾ വിജയിച്ചാണ് ബി.എൻ.പി അധികാരത്തിലേക്ക് കയറുന്നത്. ഒരു സീറ്റിലാണ് ബിജെപി ജയിച്ചത്. പാർട്ടിയുടെ അധ്യക്ഷനും അഭിഭാഷകനുമായ അന്ദലീവ് റഹ്മാൻ പാർത്ഥോ, ഏകദേശം 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും ഭോല-1 (സദർ) മണ്ഡലത്തിൽ വിജയിച്ചു. ജമാഅത്തെ ഇസ്ലാമി സ്ഥാനാർത്ഥി നസ്റുൽ ഇസ്ലാമിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
1974 ഏപ്രിൽ 20ന് ജനിച്ച പാർത്ഥോ, 2008-ൽ ആദ്യമായി ഭോല-1 സീറ്റിൽ വിജയിച്ചതിന് ശേഷം ശ്രദ്ധേയനായ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ യുവമുഖങ്ങളിൽ ഒരാളാണ്. അന്ന് അദ്ദേഹം ബംഗ്ലാദേശിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവും എം.പിയുമായിരുന്നു.

അദ്ദേഹത്തിന്റെ പിതാവ് നസീർ റഹ്മാൻ മൻസൂർ, 1971-ലെ സ്വാതന്ത്ര്യ സമരത്തിൽ പ്രമുഖ പങ്ക് വഹിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. പിന്നീട് മന്ത്രിയായും ധാക്ക മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ജാതിയ പാർട്ടിയിൽ നിന്ന് പിരിഞ്ഞ ശേഷം 2001-ൽ അദ്ദേഹം ബംഗ്ലാദേശ് ജാതിയ പാർട്ടി സ്ഥാപിക്കുകയായിരുന്നു. 2008-ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് റഹ്മാൻ പാർത്ഥോ ബിജെപിയുടെ ചെയർമാനായി ചുമതലയേറ്റത്.
