ശബരിമല യുവതീപ്രവേശന കേസ് വീണ്ടും സുപ്രീം കോടതിയിൽ;ഫെബ്രുവരി 16 തിങ്കളാഴ്ച്ച പരിഗണിക്കും

കേരളത്തിൽ വിവാദമായ ശബരിമല യുവതീപ്രവേശന കേസ് വീണ്ടും സുപ്രീം കോടതിയിൽ. യുവതീപ്രവേശന കേസിൽ പുനഃപരിശോധന ഹർജി സുപ്രിം കോടതി തിങ്കളാഴ്ച (2026 ഫെബ്രുവരി 16 ) പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും കേസ് പരിഗണിക്കുക.


ആറു വർഷങ്ങൾക്ക് ശേഷമാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണമെന്ന, 2018 ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്.

ഒമ്പതംഗ ബെഞ്ച് കേസിൽ എന്നു മുതൽ വാദം തുടങ്ങുമെന്നും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഹർജികൾ പരിഗണിനയ്ക്ക് എത്തുന്നതോടെ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കേണ്ടി വരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നതും നിർണായകമാണ്. 2019 നു ശേഷം ആദ്യമായാണ് കേസ് വീണ്ടും സുപ്രീം കോടതിയിലെത്തുന്നത്.

2018 സെപ്റ്റംബർ 28 നായിരുന്നു ശബരിമലയിൽ പ്രായഭേദമന്യേ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006 ൽ നൽകിയ കേസിലായിരുന്നു 12 വർഷത്തിനുശേഷം വിധി വന്നത്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്നും വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും വിശ്വാസത്തിൽ തുല്യതയാണ് വേണ്ടതെന്നും അടക്കമുള്ള നിരീക്ഷണങ്ങളാണ് സുപ്രീം കോടതി അന്ന് നടത്തിയത്.

മതത്തില പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുത്. അയ്യപ്പ വിശ്വാസികൾ പ്രത്യേക മതവിഭാഗമല്ല. മതത്തിലെ വിശ്വാസം ശാരീരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല. സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യം. ആർത്തവത്തിന്റെ പേരിൽ പ്രാർത്ഥിക്കാനുളള അവകാശം നിഷേധിക്കരുത് തുടങ്ങിയ നിരീക്ഷണങ്ങളും സുപ്രീം കോടതി നടത്തിയിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും വൻ പ്രതിഷേധ സമരങ്ങളായിരുന്നു സംസ്ഥാനത്ത് അരങ്ങേറിയത്.