ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ കൊടിമരപ്രതിഷ്ഠയ്ക്ക് വേണ്ടി കാണിക്കയായി ലഭിച്ച കിലോക്കണക്കിന് സ്വർണം തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ കണക്കിലില്ലെന്ന് റിപ്പോർട്ട്. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷണർ എ എസ് പി കുറിപ്പിൻ്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2018 ജൂലായ് ആറിന് കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കണക്കുകളടക്കമുള്ള മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി കുറുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

സുരേഷ് ഗോപി, മോഹൻലാൽ, രഞ്ജി പണിക്കർ, രജപുത്ര രഞ്ജിത് അടക്കമുള്ള താരങ്ങളും വ്യവസായികളും ഭക്തരും സ്വർണം നൽകി. ഇവ വാജി വാഹനത്തിനും അഷ്ടദിക് പാലക പ്രതിമയ്ക്കും ഉപയോഗിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ എസ്ഐടിയും റിപ്പോർട്ട് നൽകിയിരുന്നു. കൊടിമരപ്രതിഷ്ഠയിലെ സ്വർണത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോർട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരിക്കുന്നത്.

പല സ്വർണക്കണക്കുകളും റെക്കോർഡിൽ ഇല്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. 2018-ൽ നൽകിയ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ഇത് സാധൂകരിക്കുന്ന വിവരങ്ങൾ ഉണ്ടെന്നാണ് സൂചന.
കിലോക്കണക്കിന് സ്വർണ്ണം ഭക്തർ സംഭാവനയായി നൽകിയെന്നാണ് കുറുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ, ഇത് എത്രയെന്ന് വ്യക്തമല്ല. എന്നാൽ കൊടിമരത്തിന് ഉപയോഗിച്ച സ്വർണത്തിൻ്റെ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ആറ് താഴികക്കുടങ്ങളും സ്വർണ്ണം പൂശണമെന്ന് കുറുപ്പ് നിർദേശിച്ചിരുന്നു. ഇതിനായി 600 ഗ്രാം സ്വർണ്ണം ആവശ്യപ്പെട്ടു. എന്നാൽ, അത് നൽകാൻ ആദ്യം ബോർഡ് വിമുഖത കാണിച്ചു. പിന്നീട് നിർബന്ധം പിടിച്ചപ്പോൾ നൽകി. വീണ്ടും 200 ഗ്രാം സ്വർണംകൂടി ആവശ്യപ്പെട്ടപ്പോൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തടസ്സംനിന്നു. ഒടുവിൽ ജ്വല്ലറികളിൽ നിന്നടക്കം സ്വർണം സ്വരൂപ്പിച്ചെന്നും കുറുപ്പ് റിപ്പോർട്ടിൽ പറയുന്നു.

27 പേര് നൽകിയ സ്വർണം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നും രശീതി നൽകിയിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. ഭക്തരെ കണ്ട് എത്ര സ്വർണ്ണം നൽകി എന്ന് അന്വേഷിക്കാനാണ് ഇപ്പോൾ ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിൽ വ്യക്തതയില്ലെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. സംസ്ഥാന വിജിലൻസിനാണ് അന്വേഷണച്ചുമതല.

