ആർഎസ്എസ് ആവശ്യപ്പെട്ടാൽ സർസംഘചാലക് സ്ഥാനത്തുനിന്ന് മാറാൻ തയ്യാറാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു . മുംബൈയിൽ ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 വയസ്സ് കഴിഞ്ഞാൽ ഔദ്യോഗിക പദവികളില്ലാതെ പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് താൻ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ തുടരാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് പദവിയിൽ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് മേധാവിയെ തിരഞ്ഞെടുക്കുന്നത് ജാതിയോ സമുദായമോ നോക്കിയല്ല, മറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. അടുത്ത സർസംഘചാലക് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നാണോ എന്ന് പ്രവചിക്കാനാവില്ല, എന്നാൽ അദ്ദേഹം ഒരു ഹിന്ദു ആയിരിക്കും എന്നത് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഹ്മണനാകുക എന്നത് മേധാവിയാകാനുള്ള യോഗ്യതയല്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ ജാതിവിവേചനം നിലനിൽക്കുന്നിടത്തോളം കാലം സംവരണം തുടരണമെന്നാണ് ആർഎസ്എസ് നിലപാടെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. രണ്ടായിരം വർഷത്തോളം ഒരു വിഭാഗം വിവേചനം അനുഭവിച്ചിട്ടുണ്ടെങ്കിൽ, അവർക്ക് ഇരുന്നൂറ് വർഷം ആനുകൂല്യങ്ങൾ നൽകുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദു ജനസംഖ്യ കുറയുന്നതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച മോഹൻ ഭാഗവത്, ഓരോ കുടുംബത്തിലും മൂന്നു കുട്ടികൾ വേണമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചു. ജനസംഖ്യാ കുറവ് പരിഹരിക്കുന്നതിനും കുട്ടികളിലെ സ്വഭാവ രൂപീകരണത്തിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത മതപരിവർത്തനം ആശങ്കാജനകമാണെന്നും ‘ഘർ വാപ്പസി’ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം കണ്ടെത്താനും അവരെ തിരിച്ചയക്കാനുമുള്ള നടപടികൾ ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച അദ്ദേഹം, ഇത് രാജ്യത്തിന്റെ അഖണ്ഡത ഉറപ്പാക്കാൻ സഹായിക്കുമെന്നും എന്നാൽ മതിയായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമേ ഇത് നടപ്പിലാക്കാവൂ എന്നും കൂട്ടിച്ചേർത്തു. വോട്ട് ബാങ്കിനായി രാഷ്ട്രീയ പാർട്ടികൾ ജാതി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണ്. അഴിമതി സമൂഹത്തിലും സർക്കാരിലും ഒരു വലിയ പ്രശ്നമാണെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വഴി മാത്രമേ ഇതിനെ നേരിടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തിൽ വന്നത് ആർഎസ്എസിന് നല്ല ദിനങ്ങൾ കൊണ്ടുവന്നോ എന്ന ചോദ്യത്തിന്, ആർഎസ്എസ് എപ്പോഴും അതിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയ പാർട്ടികളുടെ പാപങ്ങൾ ചിലപ്പോൾ തങ്ങളെയും ദോഷകരമായി ബാധിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

