വി ഡി സതീശന്റെ യാത്ര ഉമ്മൻ ചാണ്ടി നടത്തിയ യാത്ര പോലെയാകുമോ? അതോ എ കെ ആന്റണി നടത്തിയതു പോലെയാവുമോ ?

തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ കാലത്തും രാഷ്ട്രീയ പാർട്ടികൾ കാസർഗോഡ് നിന്നും ജാഥകൾ നടത്താറുണ്ട്.2010 ൽ നടന്ന ഉമ്മൻ ചാണ്ടിയുടെ കേരള യാത്ര. തെരെഞ്ഞെടുപ്പിനു തൊട്ട് മുമ്പ് ജാഥ നയിക്കുന്നയാൾ ആയിരിക്കും മുഖ്യമന്ത്രിയാവുക. അതാണ് ഓരോ മുന്നണിയും ജനങ്ങൾക്ക് നൽകുന്ന സന്ദേശം.

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലൂടെ അദ്ദേഹമാണ് യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രിയാകുക എന്ന സൂചനയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയത്.

നാളെ (06-01-2026 ) ആരംഭിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യാത്ര പത്ത്​ വർഷത്തെ ഇടതുഭരണത്തിന്​ ബദലായി ‘പുതിയ കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ് മുന്നോട്ട് പോകുക . വെള്ളിയാഴ്ച കാസർകോട് നിന്നാണ് തുടക്കമാകുക. കേരളത്തിന്റെ ഭാവിയെക്കുറിച്ച കാഴ്ചപ്പാടും ഭരണപരമായ ബദലുകളും മുന്നോട്ടുവെക്കുന്ന യാത്രക്കാണ്​ യു.ഡി.എഫ്​ ലക്ഷ്യമിടുന്നത്​. എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കി മാർച്ച്​ ഏഴിന്​ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്​ സമാപിക്കും. രാഹുൽ ഗാന്ധി സമാപനച്ചടങ്ങിൽ സംബന്ധിക്കുമെന്നാണ്​ വിവരം.യാത്ര ഉദ്‌ഘാടനം ചെയ്യുന്നത് കെ സി വേണുഗോപാലാണ് .

ജാഥയുടെ തുടക്കത്തിൽ തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയാ​റെടുപ്പിലാണ്​ കോൺഗ്രസ്​. കേരളത്തിൽ ആന്റണി നടത്തിയ യാത്ര പോലെ വി ഡി സതീശന്റെ യാത്ര തരംഗമാകുമോ ? എന്നാണ് നേതാക്കൾ ചർച്ച ചെയ്യുന്നത് .

എ കെ ആന്റണി 2001ൽ നടത്തിയ ജനകീയ യാത്ര വലിയ തരംഗം ഉണ്ടാക്കി, കേരളത്തെ ഇളക്കി മറിച്ചു .ആ തെരെഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തി. എ കെ ആന്റണി മുഖ്യമന്ത്രിയാകുകയും ചെയ്തു. ആന്റണി തരംഗം ആയിരുന്നു. അതോടെ ഇ കെ നായനാർ പോലും യുഡിഎഫ് അധികാരത്തിൽ വരുമെന്ന് .കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു കോൺഗ്രസിന്റേത്. അധികാരത്തിൽ വന്ന് ഒന്നര വർഷംകൊണ്ട് പ്രതിച്ഛായ തകർന്നു.

പിണറായി വിജയൻ 2006 ൽ നടത്തിയ കേരള മാർച്ച് വലിയ തുടക്കത്തിൽ പ്രകമ്പനം സൃഷ്ടിച്ചെങ്കിലും ഇടയ്ക്കുവച്ച് കട്ട് പോയ ബലൂൺ പോലെയായി..അന്ന് ചുവന്ന പതാക പിണറായി വിജയന് നൽകിയത് വി എസ് അച്യുതാനന്ദനായിരുന്നു. കേരള മാർച്ചോടെ അധികാരം എൽഡിഎഫിന് കിട്ടിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാവുമെന്ന പ്രതീതി സൃഷ്ടിക്കുകയുണ്ടായി. എന്നാൽ പിണറായി മുഖ്യമന്ത്രിയായില്ല. പകരം വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുകയും ചെയ്തു.

പിണറായി വിജയന്റെ കേരള മാർച്ച് നടക്കുമ്പോൾ ചില ആണ് പിണറായിക്കു ചില തിരിച്ചടികൾ നേരിട്ടത്. അതിലൊന്നായിരുന്നു ലാവ്‌ലിൻ കേസിന്റെ അനേഷണം സി ബി ഐ ക്കു വിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. മറ്റൊന്ന് കെ കരുണാകരന്റെ ഡിഐസി എന്ന രാഷ്ട്രീയ പാർട്ടിയെ ഒരു കാരണവശാലും ഇടതുമുന്നണിയിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് സി പി എം പോളിറ്റ് ബ്യുറോ നിർദേശിച്ചു. ഇത് രണ്ടും പിണറായിക്ക് തിരിച്ചടിയായി.അതോടെ കേരള മാർച്ച് ചീറ്റിപ്പോയി

ഉമ്മൻചാണ്ടിയുടെ ജന മോചന യാത്ര തിരുവനന്തപുരത്ത് എത്തുന്നതിനു മുമ്പ് രണ്ട് അപകടങ്ങൾ നേരിട്ടു. ഒന്ന് യുഡിഎഫ് ഘടക കക്ഷി ആർ ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി അഴിമതി കേസിൽ ശിക്ഷിച്ചു. മറ്റൊന്ന് കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം പാർലർ കേസ്. ഉമ്മൻചാണ്ടി നടത്തിയ ജന മോചന യാത്രയുടെ ശോഭ കെട്ടു പോയെങ്കിലും കഷ്ടിച്ചാണ് യുഡിഎഫ് 2011 ലെ തെരെഞ്ഞെടുപ്പിൽ ജയിച്ചത്. സതീശന്റെ യാത്ര ഉമ്മൻ ചാണ്ടി നടത്തിയ യാത്ര പോലെയാകുമോ? അതോ എ കെ ആന്റണി നടത്തിയതു പോലെയാവുമോ? അതാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.

സതീശന്റെ യാത്ര തുടങ്ങുന്നതിനു മുമ്പ് എൽഡിഎഫ് വികസന മുന്നേറ്റ യാത്ര എന്ന പേരിൽ മൂന്നു മേഖല ജാഥകൾ കേരളത്തിൽ തുടങ്ങിയിട്ടുണ്ട്.മധ്യ മേഖല ജാഥ ജോസ് കെ മാണിയും ,തെക്കൻ ജാഥ ബിനോയ് വിശ്വവും വടക്കൻ ജാഥ എം വി ഗോവിന്ദനുമാണ് നയിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വികസന കോൺക്ലേവ് ഫെബ്രുവരി 15 നു പാലായിൽ നടക്കും.വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺക്ലേവ് നടക്കുന്നത്.