തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച ബിജെപി കൗണ്‍സിലര്‍മാർക്ക് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്ര വിജയം നേടി അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാരെ ആദരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സ്വീകരണം നൽകും. ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ മേയര്‍ വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചു.

നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകര്‍ത്താണ് ഇക്കുറി ബിജെപി അധികാരം പിടിച്ചെടുത്തത്. കേരളത്തിലെ വിജയം ദേശീയതലത്തില്‍ ആഘോഷിക്കാനാണ് ബിജെപി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കല്‍, ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുന്നുണ്ട്.

മേയറുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഫെബ്രുവരി 9 ന് കേരള എക്‌സ്പ്രസില്‍ ന്യൂഡല്‍ഹിയിലേക്ക് പോകുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ലഭിച്ചെന്നും, യാത്ര സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്നും മേയര്‍ വി വി രാജേഷ് പറഞ്ഞു. ഫെബ്രുവരി 13 നാണ് അത്താഴവിരുന്ന്. അന്നു രാത്രി തന്നെ കൗണ്‍സിലര്‍മാര്‍ തിരിച്ച് പുറപ്പെടും.

ട്രെയിന് കൂടുതല്‍ സമയം സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍ അതത് സംസ്ഥാന യൂണിറ്റുകളുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയത്തിന് പിന്നാലെ, അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും പ്രധാനമന്ത്രി നേരിട്ട് കത്തെഴുതിയിരുന്നു. വിജയത്തെ ‘യുഗത്തിന്റെ തുടക്കം’ എന്നും ‘സുവര്‍ണ്ണ ലിപികളില്‍ എഴുതിയ നാഴികക്കല്ല്’ എന്നും വിശേഷിപ്പിച്ചിരുന്നു.

101 അംഗ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. ഒരു സ്വതന്ത്ര കൗണ്‍സിലറുടെ കൂടി പിന്തുണയോടെയാണ് ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു കോര്‍പ്പറേഷനില്‍ ബിജെപി അധികാരം നേടിയത്. നാലു ദശാബ്ദം ഭരണത്തിലിരുന്ന ഇടതുപക്ഷം രണ്ടാം സ്ഥാനത്തേക്കും, ഇത്തവണ അധികാരം നേടാമെന്ന് പ്രതീക്ഷിച്ചിരുന്ന യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.