മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു ബിജെപി നേതാവ് വൈ ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഏകദേശം ഒരു വർഷത്തിനുശേഷം ഇന്ന് (04-01-2026 ) പിൻവലിച്ചു.ബിജെപി നേതാവ് വൈ ഖേംചന്ദ് സിംഗ് ബുധനാഴ്ച മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. .

പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.എൻ‌ഡി‌എ നിയമസഭാ കക്ഷി നേതാവ് വൈ ഖേംചന്ദ് സിംഗ് ഇന്ന് വൈകുന്നേരം 6 മണിക്കാണ് മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌ . ഇക്കാര്യം നേരത്തെ ബിജെപി അറിയിച്ചിരുന്നു.രാവിലെ മുതൽ ഒരുക്കങ്ങൾ ആരംഭിച്ച ലോക് ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്

“വൈ ഖേംചന്ദ് സിംഗിന്റെ പരിചയസമ്പന്നനും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വത്തിൽ, മണിപ്പൂർ സമാധാനത്തിന്റെയും വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പാതയിൽ മുന്നേറുമെന്നും സംസ്ഥാനത്തിന് സ്ഥിരതയുടെയും പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിടും,” എന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു .

ഗവർണർ അജയ് കുമാർ ഭല്ലയാണ് മണിപ്പൂർ മുഖ്യമന്ത്രിയായി വൈ ഖേംചന്ദ് സിംഗിനു സത്യവാചകം ചൊല്ലിക്കൊടുത്തത് . ചടങ്ങിൽ നിരവധി ബിജെപി നിയമസഭാംഗങ്ങൾ, മുതിർന്ന പാർട്ടി പ്രവർത്തകർ, സംസ്ഥാനത്തെ എൻഡിഎയുടെ ഉന്നത നേതാക്കൾ എന്നിവർ പങ്കെടുത്തു.