പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ഹാജരായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിലെത്തി കേസ് വാദിക്കാൻ അനുമതി തേടുന്നത് അപൂർവ്വമായ കാഴ്ചയാണ്. അഭിഭാഷക കൂടിയായ മമത, കേസിൽ കേസിൽ നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോട് അനുമതി തേടിയിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായ മമത നിയമബിരുദധാരിയാണ്. 1970-ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ് മമത പഠനം പൂർത്തിയാക്കിയത്. 2003വരെ കോടതിയിൽ പ്രാക്ടീസും നടത്തിയിരുന്നു.

2025 ജൂൺ 24-നും ഒക്ടോബർ 27-നും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച എസ്ഐആർ സംബന്ധമായ എല്ലാ ഉത്തരവുകളും അതോടൊപ്പമുള്ള മറ്റ് നിർദേശങ്ങളും റദ്ദാക്കണമെന്ന് മമത ബാനർജി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2025-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി വേണം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനെന്നും അവർ ആവശ്യപ്പെടുന്നു.

വോട്ടർ പട്ടികയിൽ നിന്ന് തൃണമൂൽ അനുകൂലികളായ ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുടെ പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നു എന്നാണ് മമതയുടെ പ്രധാന പരാതി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ താൽപ്പര്യത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ഇത്തരത്തിൽ വോട്ടർ പട്ടിക അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു.

2025 നവംബർ 4-ന് പശ്ചിമ ബംഗാളിൽ എസ്ഐആർ നടപ്പിലാക്കുകയും, ഡിസംബർ 16-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 19 ആയിരുന്നു. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 14-ന് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ സുപ്രീം കോടതിയിലെ വാദങ്ങൾ നടക്കുന്ന രീതി അനുസരിച്ച് ഈ സമയപരിധി നീട്ടിയേക്കാം.
