ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും(04-01-2026 ) പ്രതിപക്ഷ പ്രതിഷേധം. സഭയിലെ സംഘര്‍ഷങ്ങള്‍ ‘കോപ്രായമാണെന്ന’ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന് രൂക്ഷമായി വിമര്‍ശിച്ചു. ഭരണപക്ഷമാണ് കോപ്രായം കാണിച്ചത്. കോപ്രായം നടത്തിയവരെല്ലാം അപ്പുറത്തിരിപ്പുണ്ട്. ചോദ്യോത്തരങ്ങള്‍ക്കിടെ മന്ത്രിമാര്‍ സോണിയാഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും ആക്ഷേപിക്കുകയാണ്. ഇതിലൊരാള്‍ കേരളത്തിലെ എംപി കൂടിയാണ്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് മാറ്റണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു. ഇന്നലെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എ വടി കൊണ്ട് തല്ലിയെന്ന മുഖ്യമന്ത്രിയുടെ ആരോപണവും വിഡി സതീശന് നിഷേധിച്ചു. മുഖ്യമന്ത്രി വാസ്തവവിരുദ്ധമായ പ്രസ്താവനയാണ് നടത്തിയത്. നിയമസഭയില്‍ പ്രതിഷേധിച്ചു എന്നത് സത്യമാണ്. സഭയില്‍ ബാനര്‍ പിടിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. ചേംബറില്‍ വെച്ച് ചര്‍ച്ച നടത്തേണ്ട വിഷയമൊന്നും ഉണ്ടായിട്ടില്ലെന്ന് സ്പീക്കര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അത്തരത്തില്‍ വയലന്റായ ഒരു നടപടിയും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും വിഡി സതീശന് പറഞ്ഞു.

സഭാ നടപടികള്‍ സ്തംഭിപ്പിക്കുമെന്ന് പറഞ്ഞിട്ടു തന്നെയാണ് പ്രതിഷേധിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ചര്‍ച്ചയുടെ വേദിയാണ് നിയമസഭ, അതിനാല്‍ സഭ തടസ്സപ്പെടുത്തരുതെന്ന് അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇന്നലത്തെ സംഘര്‍ഷത്തിനിടെ, വാര്‍ച്ച് ആന്റ് വാര്‍ഡിനെ തല്ലിയ അംഗത്തിന്റെ പേര് തല്ക്കാലം പറയുന്നില്ല. പേരു പറയുന്നത് അംഗത്തിനു ക്ഷീണമാകും എന്നു കരുതിയാണ് പറയാത്തത്. ബാനര്‍ കെട്ടിയ കമ്പു കൊണ്ട് തല്ലിയിട്ടുണ്ട് എന്നതു വാസ്തവമാണ്. പേരു പറഞ്ഞേ അടങ്ങൂ എന്ന വാശിയിലാണെങ്കില്‍, പേരു പറയാന്‍ നിര്‍ബന്ധിതമാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ നിര്‍ദേശം വാച്ച് ആന്റ് വാര്‍ഡ് പാലിച്ചിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിപക്ഷ അംഗങ്ങള്‍ ചെയറിനെ അന്ധരാക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഗാന്ധാരിയെപ്പോലെ സ്വയം കണ്ണുകെട്ടിയിരിക്കുകയാണോ?. ഇന്നലെ സഭയില്‍ നടന്നതിനെ ഇപ്പോഴും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണ്. ലോകം മുഴുവന്‍ കണ്ടതിനെ ന്യായീകരിച്ച് സ്വയം പരിഹാസ്യനാകാന്‍ അദ്ദേഹം ശ്രമിക്കുകയാണ്. സ്പീക്കറുടെ ഡയസിലേക്ക് അംഗം ചാടിക്കയറുന്നതിന്റെ പടം പത്രങ്ങളിലുണ്ട്. ആ ചാടിക്കയറിയ അംഗം ഹൈജംപിന് പരിശീലിച്ചിരുന്നെങ്കില്‍ നാടിനു ഗുണമുണ്ടായിരുന്നേനെയെന്ന് എം ബി രാജേഷ് പരിഹസിച്ചു
