പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത

പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത. സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് കുണിയയില്‍ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയിലാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്.എക്‌സ്‌പോയില്‍ ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളില്‍ സ്ത്രീകളെ മാത്രമാണ് പ്രവേശിപ്പിച്ചത്.

ഫെബ്രുവരി 4,5,6,7,8 എന്നീ തീയതികളിലാണ് സമസ്തയുടെ നൂറാം വാര്‍ഷികാഘോഷം നടക്കുക. കുണിയയില്‍ ഇതിനായി പ്രത്യേക വേദി സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനം.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുക. സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.